ഭുവനേശ്വർ: ഇന്ത്യൻ നാവികസേനയുടെ ആദ്യ ബാച്ച് അഗ്നിവീറുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. 273 വനിതകൾ ഉൾപ്പടെ 2,585 അഗ്നിവീറുകളുടെ പാസിങ് ഔട്ട് പരേഡാണ് ഒഡീഷയിലെ ചിൽകയിൽ ഇന്നലെ നടന്നത്. പാസിങ് ഔട്ട് പരേഡുകൾ സാധാരണയായി രാവിലെയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സായുധസേനയിൽ ഇത് ആദ്യമായാണ് രാത്രിയിൽ പാസിങ് ഔട്ട് പരേഡ് നടത്തുന്നത്. 16 ആഴ്ചകൾ നീണ്ടു നിന്ന പരിശീലനത്തിന്റെ പരിസമാപ്തിയായിരുന്നു ഇന്നലെ.
വനിതാ നാവികരുടെ ആദ്യ ബാച്ച് പാസായത് ഇന്ത്യൻ നാവികസേനയ്ക്ക് ചരിത്രപരമായ നേട്ടമാണെന്ന് പാസിങ് ഔട്ട് പരേഡ് നിരീക്ഷിച്ച നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ പറഞ്ഞു. നമ്മുടെ പെൺകുട്ടികളുടെ ശക്തി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിത്. രാജ്യത്തെ മുഴുവൻ യുവതികൾക്കും ഇത് പ്രചോദനം നൽകുമെന്നും നാവികസേനാ മേധാവി പറഞ്ഞു.
ഇന്ത്യൻ നാവിക സേനയിൽ ചേർന്നുകൊണ്ട് എങ്ങനെ രാജ്യത്തിന് സുരക്ഷ നൽകാമെന്ന് വരാനിരിക്കുന്ന അഗ്നിവീറുകൾക്ക് ഉദാഹരണമാകാൻ ഈ ബാച്ചിന് കഴിയും. സായുധസേനയിൽ ചേരാതെ രാഷ്ട്ര നിർമ്മാണത്തിന് എങ്ങനെ സംഭാവന നൽകാമെന്നും ഇവർ തെളിയിക്കും, ഹരി കുമാർ വ്യക്തമാക്കി.
2022 ജൂൺ 14-നാണ് അഗ്നിപഥ് സ്കീം നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ചത്. പിന്നാലെ ഇന്ത്യൻ നാവിക സേന രാജ്യവ്യാപകമായി റിക്രൂട്ട്മെന്റ് നടത്തുകയായിരുന്നു.
Be the first to comment