തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ആദ്യ ചരക്കു കപ്പൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക്. ഷെൻഹുവ 15 എന്ന കപ്പൽ തീരത്തിന്റെ 12 കിലോമീറ്റർ അടുത്തെത്തി. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്നു വൈകീട്ടോടെ കപ്പൽ ബർത്തിന് 100 മീറ്റർ അകലെ അടുപ്പിക്കാനാകുമെന്ന് തുറമുഖ അധികൃതർ പറയുന്നു.
കൂറ്റൻ ക്രെയിനുകൾ വഹിച്ചുകൊണ്ടാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തുന്നത്. ഈ മാസം 15 നാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി മുഖ്യാതിഥിയാകും. അന്നാകും ബെർത്തിന് സമീപത്തേക്ക് കപ്പൽ എത്തിക്കുക. അതുവരെ കപ്പൽ ബെർത്തിന് 100 മീറ്റർ അകലെ മാറ്റിയിടും.
തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായിട്ടാണ് കപ്പൽ എത്തുന്നത്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. മേയ് മാസത്തോടെയാകും തുറമുഖം പ്രവർത്തന സജ്ജമാകുക. രാജ്യാന്തര കപ്പൽച്ചാലിൽനിന്നു 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നുവെന്നതു വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകതയാണ്.
Be the first to comment