സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

1989ലാണ് ജസ്റ്റിസ് ഫാത്തിമ ബീവി സുപ്രീം കോടതി ജഡ്ജിയായി നിയമിതയായത്. ഉന്നത ജുഡീഷ്യറിയിൽ എത്തുന്ന ആദ്യ മുസ്ലിം വനിത കൂടിയാണ്. സുപ്രീം കോടതിയിൽനിന്നു വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായി പ്രവർത്തിച്ചു. 1997 മുതൽ 2001 വരെ തമിഴ്നാട് ഗവർണർ ആയിരുന്നു.
1927ൽ പത്തനംതിട്ടയിലാണ് ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്നാണ് ബിഎൽ ബിരുദം നേടിയത്.

അഭിഭാഷകയായി ജീവിതം തുടങ്ങിയ ഫാത്തിമ ബീവി അൻപതുകളുടെ അവസാനത്തോടെ ജുഡീഷ്യൽ സർവീസിൽ എത്തി. 1983ൽ ഹൈക്കോടതി ജഡ്ജിയായി. കേരള സർക്കാർ അടുത്തിടെ കേരള പ്രഭ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*