ആദ്യ ലോഞ്ച് സെപ്റ്റംബറില്‍; ഇലക്ട്രിക് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളുമായി എംജി മോട്ടോര്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഒരു വര്‍ഷത്തിനകം അഞ്ചു പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഉത്സവ സീസണായ സെപ്റ്റംബര്‍- ഒക്ടോബര്‍ കാലയളവില്‍ ആദ്യ ലോഞ്ച് നടത്താനാണ് പദ്ധതി. ഇലക്ട്രിക് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍ (സിയുവി) ആണ് ആദ്യം അവതരിപ്പിക്കുക.

മൂലധന ഒഴുക്കിന്റെയും പ്രാദേശിക സംയുക്ത സംരംഭ പങ്കാളിയുടെയും പിന്‍ബലത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന അഞ്ച് ലോഞ്ചുകളില്‍ മൂന്നെണ്ണം മാസ് മാര്‍ക്കറ്റ് വിഭാഗത്തിലായിരിക്കും. ബാക്കി രണ്ടെണ്ണം പ്രീമിയം മാര്‍ക്കറ്റിന് അനുയോജ്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ അഞ്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. ആദ്യത്തേത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്സവ കാലയളവില്‍ അവതരിപ്പിക്കും. ഇത് ഒരു ഇലക്ട്രിക് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍ ആയിരിക്കും. കൂടുതല്‍ സ്‌പേസും എസ്യുവി ശേഷിയുമുള്ള ഒരു വാഹനമായിരിക്കും ഇത്. നിരവധി ഫീച്ചറുകളുമായിട്ടായിരിക്കും ഇത് വിപണിയില്‍ എത്തുക ‘- എംജി മോട്ടോര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ എമിരിറ്റസ് രാജീവ് ചാബ പറഞ്ഞു.

‘ജെഎസ്ഡബ്ല്യു ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിന് രൂപം നല്‍കിയ പശ്ചാത്തലത്തില്‍ അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദന ശേഷി 100,000 യൂണിറ്റില്‍ നിന്ന് 300,000 യൂണിറ്റായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ജെവിയുടെ ഏറ്റവും വലിയ മുന്‍ഗണനകളിലൊന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുക എന്നതാണ്. ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് അഞ്ച് പുതിയ കാറുകള്‍ക്ക് മാനേജ്‌മെന്റിന്റെ അംഗീകാരം ലഭിച്ചുവെന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്- ചാബ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*