
കോട്ടയം : പബ്ലിക് ലൈബ്രറിയിൽ ഡിസംബറിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം സമാപിച്ചു. റിസപ്ഷൻ, പുസ്തകങ്ങൾ എടുക്കുന്നതും മടക്കി നൽകുന്നതുമായ കൗണ്ടർ അടക്കം നവീകരണം പൂർത്തിയാക്കി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ചേംബറുകളും ആധുനികവൽക്കരിച്ചു. പുതിയ ബോർഡ് റൂം, മിനി ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കി.
സാംസ്കാരിക സമ്മേളനങ്ങൾ അടക്കം നടത്താവുന്ന തരത്തിൽ 175 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയമാണു പൂർത്തിയായത്. ഇതിനൊപ്പം 125 പേർക്ക് ഇരിക്കാവുന്ന മിനി തിയറ്ററും ആർട് ഗാലറിയും നേരത്തെ തന്നെ ക്രമീകരിച്ചിട്ടുണ്ട്. 10,000 ചതുരശ്ര അടി സ്ഥലമാണു കെട്ടിടത്തിൽ ലൈബ്രറിക്കായി മാറ്റി വച്ചിരിക്കുന്നത്. പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഭാഗത്തെ തറയുടെ ജോലികളാണ് ഇനി തീരാനുള്ളത്.
ഇത് ഉടൻ പൂർത്തിയാക്കും. ഇതിനൊപ്പം ഒരു ആംഫി തിയറ്ററും പണിയുന്നുണ്ട്. ഇതിന്റെ സ്റ്റേജിന്റെ പണി തീരാറായി. പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമനാണ് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ശാസ്ത്രി റോഡിൽ നിന്നു ലൈബ്രറിയിലേക്കുള്ള പ്രവേശന കവാടം കേരളീയ മാതൃകയിൽ കാനായികുഞ്ഞിരാമൻ ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതിന്റെ നിർമാണവും ഉടൻ ആരംഭിക്കും.
Be the first to comment