ചരിത്രത്തിൽ ഇതാദ്യം ; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി മത്സരിക്കാനൊരുങ്ങുന്നത് 160 സിനിമകൾ

തിരുവനന്തപുരം : മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകൾ. രണ്ടു പ്രാഥമിക സമിതികൾ 80 സിനിമകൾ വീതം കണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങൾക്കാണ് അന്തിമജൂറി വിലയിരുത്തി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽ വി പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച സ്‌ക്രീനിങ് തുടങ്ങി. ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തൽ പൂർണമായേക്കും.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് മുഖ്യജൂറി ചെയർമാൻ. പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവർ മുഖ്യജൂറിയിലും അംഗങ്ങളാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ എസ് മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.

ഒന്നാം ഉപസമിതിയിൽ ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതിൽ എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരുമാണ് അംഗങ്ങൾ. രചനാവിഭാഗത്തിൽ ഡോ. ജാനകീ ശ്രീധരൻ (ചെയർപേഴ്‌സൺ), ഡോ. ജോസ് കെ. മാനുവൽ, ഡോ. ഒ.കെ. സന്തോഷ് (അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്നു. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ മെമ്പർ സെക്രട്ടറിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*