വത്തിക്കാൻ സിറ്റി: അവിസ്മരണീയമായ ചില നിമിഷങ്ങൾക്കാണ് ആഗോള കത്തോലിക്കാ സഭ ഈ വരുന്ന ഞായറാഴ്ച സാക്ഷ്യം വഹിക്കാൻ പോകുന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കുടുംബം മുഴുവൻ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തപ്പെടുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ വധിച്ച ജോസഫ് ഉൽമ – വിക്ടോറിയ ഉൽമ ദമ്പതികളും അവരുടെ ഏഴു മക്കളുമടങ്ങുന്ന പോളിഷ് കുടുംബത്തെയാണ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തുന്നത്. കത്തോലിക്കാ സഭയിൽ വിശുദ്ധ പദവിക്ക് മുമ്പുള്ള അവസാന ഘട്ടമാണ് ബീറ്റിഫിക്കേഷൻ.
1944 മാർച്ച് 24നാണ് പോളണ്ടിലെ മർക്കോവയിൽ യഹൂദർക്ക് ഒളിച്ചു താമസിക്കാൻ ഇടം കൊടുത്തു എന്നതിന്റെ പേരിൽ ഈ ദമ്പതികളെ വധിക്കുന്നത്. തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന നാസിപ്പട ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറി അഭയാർത്ഥികളായിരുന്ന എട്ടു യഹൂദരെ കണ്ടെത്തുകയും വധിക്കുകയും തുടർന്ന് കുടുംബത്തെ നിഷ്ഠൂരം കൊലപ്പെടുത്തുകയും ആയിരുന്നു. അതേ തുടർന്ന് ഇവരുടെ എട്ടു വയസ്സ് പ്രായമുള്ള സ്റ്റാൻലാസ്, ആറു വയസ്സുള്ള ബാർബറ, 5 വയസ്സുള്ള വ്ലാഡിസ്ലോവ്, നാല് വയസ്സുള്ള ഫ്രാൻസിസ്സെക്, മൂന്നു വയസ്സുള്ള അൻ്റോണിയോ, ഒരു വയസ്സുള്ള മരിയ എന്നിവരെകൂടെ നാസികൾ കൊലപ്പെടുത്തി. ഗർഭിണിയായിരുന്ന വിക്ടോറിയയുടെ ഏഴാമത്തെ കുട്ടിയെയും സഭ ഇന്ന് രക്തസാക്ഷിയായി കണക്കാക്കുന്നുണ്ട്.
സ്നേഹം തണുത്തുറഞ്ഞുപോയ ഒരു ഇരുണ്ട കാലഘട്ടത്തിൽ മറ്റുള്ളവരെ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി സംരക്ഷിച്ചു അഭയം നൽകിയ ഈ ധീര ദമ്പതികളെ “മർക്കോവയിലെ സമ്മരിയാക്കാർ” എന്നാണ് ജനം വിളിച്ചിരുന്നത് . വിവാഹിതരും ദമ്പതികളും അവരുടെ മക്കളുമൊക്കെ സഭയുടെ ചരിത്രത്തിൽ വാഴ്ത്തപ്പെട്ടവരായിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് ദമ്പതികളും അവരുടെ മക്കളും അടങ്ങുന്ന കുടുംബം മുഴുവൻ ഒരു ദിവസം തന്നെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നത്.
ചടങ്ങിനായി കുടുംബത്തിന്റെ മൃതദേഹം പുറത്തെടുത്തു, തുടർന്ന് അവരെ വാഴ്ത്തപ്പെട്ടതിന് ശേഷം പുനഃസംസ്‌കരിക്കും. മംഗോളിയയിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഫ്രാൻസിസ് മാർപാപ്പ ബീറ്റിഫിക്കേഷൻ ചടങ്ങിൽ പങ്കെടുക്കില്ല.
Be the first to comment