ടൂറിസം മേഖലയിലെ പുതിയ ചുവടുവയ്പ്‌; കേരളത്തിലെ ആദ്യത്തെ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16 ന്

ടൂറിസം മേഖലയില്‍ പുതിയ ചുവടുവയ്പുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആദ്യ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഏത് സീസണിലും സന്ദര്‍ശിക്കാവുന്ന സ്ഥലമായി കേരളത്തിനെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍, നവീന ടൂറിസം ഉത്പന്നങ്ങള്‍ എന്നിവ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് മീറ്റിന്റെ ലക്ഷ്യമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോവിഡാനന്തര കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മീറ്റ് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 16 വ്യാഴാഴ്ച ഉച്ചക്ക് 12 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ.രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ടൂറിസം സെക്രട്ടറി കെ.ബിജു, പ്ലാനിങ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘കേരളത്തിലെ നിക്ഷേപ സാധ്യതകള്‍’ എന്ന വിഷയത്തില്‍ പ്രൊജക്ട് അവതരണവും ‘ടൂറിസം നിക്ഷേപം; മുന്നോട്ടുള്ള വഴികള്‍’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ടൂറിസം വ്യവസായത്തിലെ നിക്ഷേപകരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന മേഖലകള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ക്ക് പുറമെ സെമിനാറുകള്‍, പരിശീലന കളരികള്‍, നിക്ഷേപസാധ്യത അവതരണം, വട്ടമേശ ചര്‍ച്ചകള്‍ എന്നിവയുമുണ്ടാകും.

വലിയ നിക്ഷേപസാധ്യതയുള്ള മേഖലയാണ് ടൂറിസമെന്നും ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകള്‍ കണ്ടെത്തി ആ ദിശയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. പുതിയ രീതികള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പരിഷ്‌കരണങ്ങളും നവീകരണവും ടൂറിസം മേഖലയില്‍ ആവശ്യമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടൂറിസം സാധ്യതയുള്ള സ്ഥലങ്ങള്‍ സുസ്ഥിര മാനദണ്ഡങ്ങളനുസരിച്ച് വികസിപ്പിച്ചാല്‍ ഏതു കാലാവസ്ഥയിലും സന്ദര്‍ശിക്കാവുന്ന പ്രദേശമായി കേരളത്തെയൊട്ടാകെ മാറ്റാന്‍ സാധിക്കും. നവീന ആശയങ്ങളും ടൂറിസം ഉത്പന്നങ്ങളും സംയുക്ത സംരംഭങ്ങളായും പൊതു-സ്വകാര്യ പങ്കാളിത്തമായുമാണ് നടപ്പാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*