‘അവസ്ഥ മോശമാകുകയാണ്, എത്രയും വേഗം പുറത്തെത്തിക്കൂ’; സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ സില്‍ക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. 41 തൊഴിലാളികളാണ് കഴിഞ്ഞ ഒന്‍പത് ദിവസമായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. “ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, എല്ലാവരും മോശം അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തില്‍ പുരോഗമനമുണ്ടോ, ഞങ്ങളെ വേഗം പുറത്തെത്തിക്കൂ. ഓരോ ദിവസം കഴിയും തോറും കാര്യങ്ങള്‍ ദുഷ്കരമാകുകയാണ്,’ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളില്‍ ഒരാളായ അഖിലേഷ് കുമാറിന്റെ വാക്കുകളാണിത്.

ഇന്നലെ ഉത്തർ പ്രദേശ് സർക്കാർ പ്രതിനിധിയായ അരുണ്‍ കുമാറിനോട് തുരങ്കത്തിനുള്ളില്‍ നിന്ന് സംസാരിക്കവെയാണ് അഖിലേഷ് നിരാശയും പ്രതീക്ഷയുമെല്ലാം പങ്കുവച്ചത്. തുരങ്കത്തിലകപ്പെട്ട തൊഴിലാളികളില്‍ എട്ട് പേർ യുപിയില്‍ നിന്നുള്ളവരാണ്.

രക്ഷാപ്രവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ച അഖിലേഷ് എത്രയും വേഗം തങ്ങളെ പുറത്തെത്തിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഞങ്ങളുടെ കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടതില്ലെന്ന് പറയണമെന്നായിരുന്നു മറ്റൊരു തൊഴിലാളിയായ രാം സുന്ദർ പറഞ്ഞത്. തൊഴിലാളികളുമായുള്ള സംഭാഷണങ്ങളുടെ ശബ്ദശകലങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്കുവച്ചതായാണ് വിവരം. ആറ് ഇഞ്ച് പൈപ്പിലൂടെയാണ് നിലിവില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. വൈകാതെ തന്നെ മൊബൈല്‍ ഫോണുകളും ചാർജറും എത്തിച്ച് നല്‍കിയേക്കും.

അപകടം നടന്ന സിൽക്യാര ടണലിന് 4.5 കിലോമീറ്റർ ദൈർഘ്യമാണ് ഉള്ളത്. പ്ലാനുകൾ പ്രകാരം തുരങ്കത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള റൂട്ട് നിർദ്ദേശിച്ചിരുന്നെങ്കിലും തീരുമാനം നടപ്പാക്കിയിരുന്നില്ലെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്.

തുരങ്കത്തിന് തകർച്ചയോ മണ്ണിടിച്ചിലോ മറ്റെന്തെങ്കിലും ദുരന്തമോ ഉണ്ടായാൽ വാഹനങ്ങളിൽ കടന്നുപോകുന്ന ആളുകളെ രക്ഷപ്പെടുത്താനാണ് തുരങ്കങ്ങൾക്കുള്ളിൽ ഇത്തരം രക്ഷപ്പെടാനുള്ള റൂട്ടുകൾ ഉപയോഗിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*