
കോഴിക്കോട് : കണ്ണൻകടവ് അഴീക്കൽ തീരത്ത് കരയ്ക്കടിഞ്ഞ കൂറ്റൻ നീല തിമിംഗലത്തിന് രക്ഷകരായി മത്സ്യ തൊഴിലാളികൾ. ജീവനോടെ കരയ്ക്കടിഞ്ഞ തിമിംഗലത്തെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തിരികെ അയച്ചു. ഇന്നലെ രാവിലെയാണ് സംഭവം. രണ്ട് മണിക്കൂർ സമയമെടുത്താണ് കരയ്ക്കടിഞ്ഞ തിമിംഗലത്തെ തിരികെ കടലിലെത്തിച്ചത്.
13 മത്സ്യത്തൊഴിലാളികളാണ് രക്ഷാദൗത്യത്തിൻ്റെ ഭാഗമായത്.’രാവിലെ 9.30യോടെയായിരുന്നു സംഭവം. ബീച്ചിൽ കല്ലിൻ്റെ മുകളിൽ ഞങ്ങൾ ഇരിക്കുമ്പോഴാണ് കണ്ടത്. ആദ്യം കണ്ടപ്പോൾ ഡോൾഫിനാണെന്ന് കരുതി. അടുത്ത് വന്നപ്പോഴാണ് അത് കടലിലെ രാജാവാണെന്ന് മനസ്സിലായത്. കരയ്ക്ക് കുത്തി മണ്ണിലേക്ക് കയറിപ്പോയി. പിന്നെ അതിന് പോകാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അത് കണ്ട് ഞങ്ങൾ ഓടിവന്നു.
മുൻപ് ഇതിനെ രക്ഷപ്പെടുത്തുന്ന ഒരു വീഡിയോ കണ്ടിരുന്നു. ഇല്ലെങ്കിൽ ഞങ്ങൾ ഇതിന് ഇറങ്ങൂല. പേടിച്ചിട്ട്. വീഡിയോ കണ്ടതിന്റെ പേരിൽ ഞങ്ങൾ നാല് പേർ ഇറങ്ങിവന്നു. അതിനെ തിരികെ കടലിലേക്കാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങൾ നാല് പേര് നോക്കീട്ട് സാധിക്കുന്നില്ല. നമ്മുടെ കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുണ്ട് ഇവിടെ. ആ ഗ്രൂപ്പിൽ ഞാനൊരു വോയിസ് മെസ്സേജ് ഇട്ടു. ഓൺലൈനിൽ ഉള്ളവർ അഴീക്കലിലേക്ക് വാ ഇവിടെ ഒരു രാജാവ് (രാജാവ് എന്നാണ് ഞങ്ങൾ വിളിക്കുന്നത്) ജീവനോടെ വന്നിരിക്കുന്നു.
അതിനെ രക്ഷപ്പെടുത്തണം. ഞങ്ങൾക്ക് നാലുപേർക്ക് കഴിയുന്നില്ല നിങ്ങളെല്ലാം വേഗം വരണം. 10, 12ഓളം പേർ വന്ന് ഇറങ്ങി, ലേശം കല്ലുമലൊക്കെ അടിച്ചിട്ട് വാലുമ്മേൽ സ്ക്രാച്ചൊക്കെ വന്നു. വാലുകൊണ്ട് അടികൂടി എന്റെ കാല് ലേശം പൊട്ടി. വേലിയേറ്റസമയമാണ്, കടൽ കൂടുതലുണ്ട്, ആ സമയത്താണ് ഇത് കല്ലുമേൽക്ക് ആഞ്ഞടിച്ച് ഇങ്ങനെ വരുന്നത്. തിമിംഗലത്തെ നേരെയാക്കി. കണ്ണെത്താ ദൂരത്തുവരെ രക്ഷപ്പെട്ട് പോകുന്നത് നോക്കിനിന്നു’, രക്ഷാപ്രവർത്തകർ പറഞ്ഞു.
Be the first to comment