സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; ഫെബ്രുവരി ആറിന് സത്യപ്രതിജ്ഞ, അറിയാം.. ജഡ്ജിമാരെ

സുപ്രീം കോടതി ജഡ്ജി നിയമത്തിൽ കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ. അഞ്ച് ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമ്മു അംഗീകാരം നൽകി. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32ആയി ഉയർന്നു. അഞ്ച് ജഡ്ജിമാരുടെ പേരുകൾ കഴിഞ്ഞ വർഷം ഡിസംബറിലാണ് ശുപാർശ ചെയ്തത്. 

സുപ്രീം കോടതിയിലെ അംഗീകൃത ജഡ്ജിമാരുടെ എണ്ണം 34 ആണ്. നിലവിൽ ചീഫ് ജസ്റ്റിസ് അടക്കം 27 ജഡ്ജിമാരുമായാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൽ, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ ജഡ്ജി അഹ്സാനുദ്ദീൻ അമാനുള്ള, അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി മനോജ് മിശ്ര എന്നിവരാണ് നിയമിതരായ അഞ്ച് ജഡ്ജിമാർ. 

സുപ്രീം കോടതിയുടെ അഡീഷണൽ ബിൽഡിംഗ് കോംപ്ലക്സിൽ തിങ്കളാഴ്ച രാവിലെ 10.30 ന് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യും.

*ജസ്റ്റിസ് പങ്കജ് മിത്തൽ

നിലവിൽ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ഇതിന് മുമ്പ് ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ചീഫ് ജസ്റ്റിസായി ഉയർത്തപ്പെടുന്നതിന് മുമ്പ് അദ്ദേഹം അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. 1985-ൽ ഉത്തർപ്രദേശിലെ ബാർ കൗൺസിലിൽ എൻറോൾ ചെയ്ത ജസ്റ്റിസ് മിത്തൽ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.

*ജസ്റ്റ്‌സ് സഞ്ജയ് കരോൽ

2019 നവംബർ മുതൽ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സഞ്ജയ് കരോൾ. ഇതിന് മുമ്പ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായായിരുന്നു. ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് കരോൾ 1986-ൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.

*ജസ്റ്റിസ് പി വി സഞ്ജയ് കുമാർ

2021 മുതൽ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം. മുമ്പ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 ഓഗസ്റ്റിൽ ആന്ധ്രാപ്രദേശിലെ ബാർ കൗൺസിൽ അംഗമായി ജസ്റ്റിസ് കുമാർ എൻറോൾ ചെയ്തു.

*ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള

നിലവിൽ പാറ്റ്ന ഹൈക്കോടതിയിലെ ജഡ്ജിയാണ് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള. 2011-ൽ പട്ന ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ട അദ്ദേഹത്തെ 2021-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റി. തുടർന്ന്, 2022 ജൂണിൽ അദ്ദേഹത്തെ വീണ്ടും പട്ന ഹൈക്കോടതിയിലേക്ക് മാറ്റി. 1991 സെപ്റ്റംബറിൽ ജസ്റ്റിസ് അമാനുള്ള ബിഹാർ സ്റ്റേറ്റ് ബാർ കൗൺസിലിൽ എൻറോൾ ചെയ്തു.

*ജസ്റ്റിസ് മനോജ് മിശ്ര

നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയാണ് മനോജ് സിൻഹ. 2011ൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് മിശ്ര 1988 ഡിസംബർ 12-ന് അഭിഭാഷകനായി എൻറോൾ ചെയ്യുകയും അലഹബാദ് ഹൈക്കോടതിയുടെ സിവിൽ, റവന്യൂ, ക്രിമിനൽ, ഭരണഘടനാപരമായ വശങ്ങളിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*