കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിനായി ഇറക്കിയ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ അഞ്ച് പഞ്ചായത്തുകൾ ഹൈക്കോടതിയിലേക്ക്. പാരിസ്ഥിതിക ദുർബല മേഖല സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതുക്കി ഇറക്കിയ വിജ്ഞാപനത്തിലാണ് അപാകതകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ അപാകതകൾക്കെതിരെ പരാതി നൽകാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകൾ കോടതിയിലേക്ക് നീങ്ങുന്നത്. അതിനിടെ പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും ഇതേ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
കേന്ദ്രത്തിന്‍റെ പുതുക്കിയ വിജ്ഞാപനത്തോടെ ചക്കിട്ടപ്പാറ, ചെമ്പനോട, കട്ടിപ്പാറ, മടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ പുതുപ്പാടി, തിരുവമ്പാടി, കാവിലുംപാറ, തിനൂർ തുടങ്ങിയ പത്ത് വില്ലേജുകൾ പാരിസ്ഥിതിക ദുർബല മേഖലയായി തുടരും. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ (ഇഎസ്എ) നിന്ന് ജനവാസ മേഖലകളെയും തോട്ടങ്ങളെയും ഒഴിവാക്കുന്നതിന് പരാതികൾ അയക്കാൻ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.
കോഴിക്കോട് ജില്ലയിലെ എംപിമാരുടെ നേതൃത്വത്തിൽ കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാരും ജനപ്രതിനിധികളും സംയുക്തമായി യോഗം ചേർന്നു. ഈ വിഷയത്തിൽ ഓരോ പഞ്ചായത്ത് ഭരണസമിതിയും പ്രത്യേകമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോഴിക്കോട് ജില്ലയിലെ എട്ട് പഞ്ചായത്തുകളെയാണ് വിജ്ഞാപനം ബാധിക്കുകയെങ്കിലും ഇടതുപക്ഷം ഭരിക്കുന്ന ചക്കിട്ടപ്പാറ, കാവിലും പാറ, നരിപ്പറ്റ പഞ്ചായത്തുകൾ കോഴിക്കോട് ജില്ലയിലെ എംപിമാർ വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല.
നേരത്തെ പൊതുജനങ്ങളുടെ പരാതികളും നിർദേശങ്ങളും പരിഗണിച്ച് ജനവാസ മേഖലകൾ ഒഴിവാക്കുന്നതിനായി ജില്ലാതല പരിശോധന സമിതി രൂപീകരിച്ചിരുന്നു. ഈ രേഖകൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയോ എന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്. ഇഎസ്എ വിഷയത്തിൽ ആശയക്കുഴപ്പവും ആശങ്കയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.
പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും ഇതിനൊപ്പമുണ്ട്. ”ഒരു മാറ്റവും വരുത്താതെയാണ് കേന്ദ്ര സർക്കാർ ആറ് തവണയും വിജ്ഞാപനം ഇറക്കിയത്. റവന്യൂ ഭൂമിയിൽ കഴിയുന്ന ജനങ്ങൾ പോലും ഭീതിയിലാണ്.
ഇതിൽ ഏതൊക്കെ മേഖലയാണ് ഗ്രാഫിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് ജൈവവൈവിധ്യ നഗര സൈറ്റിൽ മാപ്പ് പ്രസിദ്ധീകരിക്കാൻ സാധിക്കും. ദിവസങ്ങൾക്കകം വീണ്ടും വിജ്ഞാപനമിറങ്ങും.
അതിന് സമയം നീട്ടി കിട്ടുക എന്ന ആവശ്യവുമായാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് താമരശേരി രൂപത അധ്യക്ഷൻ മാർ റമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
Be the first to comment