ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്ക് നാട്ടിലെത്താന്‍ വഴിയില്ലാതെ മറുനാടൻ മലയാളികൾ. നാട്ടിലേക്ക് വരണമെങ്കിലോ അമിത ടിക്കറ്റ് നിരക്ക് നൽകേണ്ടി വരും.
യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള. അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7350 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ഇരുപതിനായിരത്തിലധികമായി. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് 14000 രൂപ മുതൽ 20000 രൂപ വരെയാണ് ഇപ്പോഴത്തെ വിമാന ടിക്കറ്റ് നിരക്ക്. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.
ചിലവ് താങ്ങാനാവാതെ ആകാശയാത്ര വേണ്ടെന്ന് വച്ച് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ആശ്രയിക്കാൻ തീരുമാനിച്ചാലും രക്ഷയില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്. സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വർദ്ധിച്ചിരിക്കുന്നു. ക്രിസ്തുമസ് അടുക്കുന്നതോടെ ഇത് പിന്നേയും വര്‍ദ്ധിപ്പിക്കും. ഈ കൊള്ളക്ക് വേണ്ടി പല സ്വകാര്യ ബസുകളിലും അവധിക്കാലത്തെ ടിക്കറ്റ് ഇപ്പോള്‍ ബുക്കു ചെയ്യാൻ അനുവദിക്കുന്നില്ല. ട്രെയിന്‍ ടിക്കറ്റുകളാകട്ടെ മാസങ്ങള്‍ക്ക് മുമ്പേ വിറ്റ് തീര്‍ന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരകണക്കിനു മലയാളികളാണ് ഈ കൊള്ളക്ക് ഇരകളാവുന്നത്. ഇത് ഈ അവധിക്കാലത്തെ മാത്രം പ്രശ്നമല്ല. എല്ലാ അവധിക്കാലവും വിമാനകമ്പനികള്‍ക്കും സ്വകാര്യ ബസുടമകള്‍ക്കും ചാകരയാണ്, മലയാളികൾക്ക് ദുരിതവും.
Be the first to comment