ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഫ്ളിപ്‌കാർട്ട് ; 11 പുതിയ വെയര്‍ഹൗസുകളും തുറക്കുന്നു

ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട് ഉത്സവ സീസണിനും വാര്‍ഷിക ബിഗ് ബില്യണ്‍ ഡേയ്സ് സെയില്‍ ഇവന്റിനും മുന്നോടിയായി രാജ്യത്തുടനീളം ഒരുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ, 11 പുതിയ വെയര്‍ഹൗസുകള്‍ (ഫുള്‍ഫില്‍സെന്റര്‍) കൂടി തുറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

ഒമ്പത് നഗരങ്ങളിലായി 13 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും വെയര്‍ഹൗസുകള്‍. ഇതോടെ രാജ്യത്തെ ഫുള്‍ഫില്‍സെന്ററുകളുടെ എണ്ണം 83 ആകും. ഇത്തരത്തില്‍ വെയര്‍ഹൗസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ ഉത്സവ കാലയളവിലെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതില്‍ കുതിച്ചുചാട്ടം നടത്താനാകുമെന്നു കമ്പനി വ്യക്തമാക്കുന്നു.

ഫ്‌ളിപ്കാര്‍ട്ടിന്റെ സപ്ലൈ ചെയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഉടനീളം സൃഷ്ടിക്കപ്പെടുന്ന പുതിയ ജോലികളില്‍ ഇന്‍വെന്ററി മാനേജര്‍മാര്‍, വെയര്‍ഹൗസ് അസോസിയേറ്റ്‌സ്, ലോജിസ്റ്റിക്‌സ് കോര്‍ഡിനേറ്റര്‍മാര്‍, ചെറുകിട പങ്കാളികള്‍, ഡെലിവറി ഡ്രൈവര്‍മാര്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. ഓര്‍ഡറുകളില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവിന് അനുസരിച്ച് പുതിയ ജീവനക്കാരെ സജ്ജമാക്കുന്നതിനായി പരിശീലന പരിപാടികള്‍ നടത്തുമെന്ന് കമ്പനി അറിയിച്ചു.

പറയുന്നതനുസരിച്ച്, ഉപഭോക്തൃ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിതരണ ശൃംഖലയുടെ വിപുലീകരണമെന്നു ഫ്ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും സപ്ലൈ ചെയിന്‍ മേധാവിയുമായ ഹേമന്ത് ബദ്രി പറഞ്ഞു. ‘വിപുലീകരിച്ച വിതരണ ശൃംഖലയിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം നല്‍കാനും ഞങ്ങള്‍ തയാറെടുക്കുയാണ്’-അദ്ദേഹം പറഞ്ഞു.

ഓട്ടോമേറ്റഡ് വെയര്‍ഹൗസുകളും ഡാറ്റ-ഡ്രൈവ് ഡിസിഷന്‍ മേക്കിംഗ് സിസ്റ്റങ്ങളും നടപ്പിലാക്കിക്കൊണ്ട് തങ്ങളുടെ സപ്ലൈ ചെയിന്‍ പ്രവര്‍ത്തനങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു .

ആമസോണ്‍ പോലുള്ള പരമ്പരാഗത എതിരാളികളും സെപ്റ്റോ, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയ പുതുകമ്പനികളും ഉത്സവ സീസണിനായി തയ്യാറെടുക്കുന്ന വേളയിലാണ് ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ വിതരണ ശൃംഖലയും തൊഴില്‍ ശക്തിയും വര്‍ധിപ്പിക്കാനുള്ള നീക്കം സജീവമാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*