
തമിഴ്നാട്ടില്‍ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തില്‍ ദുരിതമൊഴിയാതെ ഗ്രാമങ്ങള്‍. തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി തുടങ്ങിയ ഗ്രാമങ്ങളില്‍ ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും വൈദ്യതിയുടേയും ക്ഷാമം നേരിടുന്നുണ്ട്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ അല്‍പ്പം ശമിച്ചിട്ടുണ്ടെങ്കിലും തൂത്തുക്കുടിയിലെ റോഡുകളില്‍ വെള്ളമിറങ്ങിയിട്ടില്ല. മുതമിഴ് നഗറിലെ പി, ടി കോളനികളില്‍ കഴുത്തൊപ്പം വെള്ളമുണ്ടെന്നാണ് റിപ്പോർട്ടുകള്‍. തെരുവുകള്‍ ഇടുങ്ങിയതായതിനാല്‍ വലിയ ബോട്ടുകള്‍ക്കും ഒഴുക്ക് കൂടുതലായതിനാല്‍ ചെറിയ റബ്ബർ വള്ളങ്ങള്‍ക്കും ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്താനാകാത്ത സ്ഥിതിയുമുണ്ട്.
ആല്‍വാർതിരുനഗരിയിലും മാസിലാമണിപുരത്തും ദുരിതാശ്വാസക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിത്തുടങ്ങിയത് ചൊവ്വാഴ്ച മുതലാണ്. റോഡുകളില്‍ വെള്ളം ശമനമില്ലാതെ ഒഴുകുന്നതിനാല്‍ രോഗബാധിതര്‍ക്കും ഗർഭിണികള്‍ക്കും സഹായമെത്തിക്കാനാകാത്ത അവസ്ഥയുമുണ്ട്.
മഴക്കെടുതിയില്‍ തമിഴ്നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മാത്രം 10 പേരാണ് മരണപ്പെട്ടത്. നാഷണല്‍ ഡിസാസ്റ്റർ റെസ്പോണ്‍സ് ഫോഴ്സ് (എന്‍ഡിആർഎഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോണ്‍സ് ഫോഴ്സ് (എസ്ഡിആർഎഫ്), വ്യോമസേന, നേവി, കോസ്റ്റ് ഗ്വാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
Be the first to comment