മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസവോട്ട്; അരക്കിട്ടുറപ്പിക്കാൻ ഷിൻഡെ സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് ഏക്നാഥ് ഷിൻഡെ സ‍ർക്കാർ വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിയോടെ പ്രത്യേക സഭ സമ്മേളനം ചേർന്നാണ് വോട്ടെടുപ്പ്. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ച സാഹചര്യത്തിൽ അനായാസം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും ശിവസേനാ വിമതരും. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു. പുതിയ സ്പീക്കർ രാഹുൽ നർവേക്കറാണ് നടപടികൾ നിയന്ത്രിക്കുക.

ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്നാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശപ്രകാരം സ്ഥാനമേൽക്കുകയായിരുന്നു. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ.

Be the first to comment

Leave a Reply

Your email address will not be published.


*