ഗ്ലൂക്കോസിന്‍റെ ഏറ്റക്കുറച്ചിൽ‌; സ്വയം ഓണ്‍ ആന്‍റ് ഓഫ് ആകുന്ന ‘സ്മാര്‍ട്ട്’ ഇന്‍സുലിന്‍ വികസിപ്പിച്ച് ഗവേഷകര്‍

രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുന്നതിന് ‘സ്മാർട്ട്’ ഇൻസുലിൻ വികസിപ്പിച്ച് ​ഗവേഷകർ. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അനുസരിച്ച് സ്വയം ക്രമീകരിക്കാൻ കഴിയുന്ന ഓൺ ആന്റ് ഓഫ് സ്വിച്ച് ഇൻസുലിൻ തന്മാത്രയാണ് ​ഗവേഷകർ രൂപകൽപന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമേഹ രോ​ഗികൾക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണിത്.

രക്തത്തിലെ ​ഗ്ലൂക്കോസിന്‍റെ അളവു ക്രമീകരിച്ചു നിർത്തുന്നത് ഇൻസുലിൻ ആണ്. പ്രധാനമായും പ്രമേഹം രണ്ട് തരത്തിലുണ്ട്, ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം. ഇവ രണ്ടും ഇൻസുലിൻ സമന്വയിപ്പിക്കാനും പ്രതികരിക്കാനുമുള്ള ശരീരത്തിൻ്റെ കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാൻക്രിയാസ് ആവശ്യത്തിന് അല്ലെങ്കിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥ വരുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ഈ രണ്ട് അവസ്ഥകളും നിയന്ത്രിക്കുന്നത് സിന്തറ്റിക് ഇൻസുലിൻ ഉപയോഗിച്ചാണ്.

എന്നാൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിൽ സ്ഥിരതയില്ലാതെ വരുമ്പോൾ ഇത് വലിയൊരു വെല്ലുവിളിയാകുന്നു. അധിക ഇൻസുലിൻ സാന്നിധ്യം രക്തത്തിലെ ​ഗ്ലൂക്കോസ് അളവു കുറയ്ക്കാൻ കാരണമാകും. ഇത് മരണകാരണം വരെ ആയേക്കാവുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയ്ക്ക് കാരണമായേക്കും. ഡെന്മാർക്ക്, യുകെ, ചെക്കിയ എന്നിവിടങ്ങളിലെ ഗവേഷകരും ബ്രിട്ടോൾ സർവകലാശാലയിലെ ​ഗവേഷകരും അടങ്ങുന്ന അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഇൻസുലിൻ തന്മാത്രയുടെ രൂപകൽപനയ്ക്ക് പിന്നില്‍. രക്തത്തിലെ ​ഗ്ലൂക്കോസ് അളവിനെ അടിസ്ഥാനപ്പെടുത്തി സ്വയം ക്രമീകരിക്കാൻ കഴിവുള്ള ഇൻസുലിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു പതിറ്റാണ്ടുകളായി ​ഗവേഷകർ.

എൻഎൻസി2215 എന്ന് പേരിട്ടിരിക്കുന്ന ഇൻസുലിൻ ഗ്ലൂക്കോസ് സെൻസിറ്റീവ് ഘടകങ്ങൾ ഉപയോഗിച്ച് സ്വയം പരിഷ്ക്കരിച്ചു ഏറ്റക്കുറച്ചിലുകളെ പരിഹരിക്കുമെന്ന് നെച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. രക്തത്തിലെ ​ഗ്ലൂക്കോസ് അളവിനെ അടിസ്ഥാനപ്പെടുത്തി ഓൺ ആന്റ് ഓഫ് രീതിയിൽ സ്വയം സ്വിച്ച് ചെയ്യാവുന്ന രീതിയിലാണ് ഇൻസുലിൻ തന്മാത്രയുള്ളത്. ഒരു വളയത്തിന്‍റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഇൻസുലിന് മാക്രോസൈക്കിൾ, ഗ്ലൂക്കോസൈഡ് എന്നിങ്ങനെ രണ്ട് വശങ്ങളുണ്ട്.

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയുമ്പോൾ ഗ്ലൂക്കോസൈഡ് സജീവമാകുകയും ഇത് ഇൻസുലിനെ നിഷ്ക്രിയമായി നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ഉയരുമ്പോൾ ​ഗ്ലൂക്കോസൈഡ് നിഷ്ക്രിയമാവുകയും ഇൻസുലിൻ സജീവമാവുകയും ചെയ്യുന്നു. രൂപകൽപന ചെയ്ത ഇൻസുലിൻ പന്നികളിലും എലികളിലും പരീക്ഷിച്ചു വിജയിച്ചതായും ​ഗവേഷകർ വ്യക്തമായി. മനുഷ്യരിൽ ട്രയൽ പരീക്ഷണം ഉടൻ ആരംഭിക്കുമെന്നും ​ഗവേഷകർ അറിയിച്ചു.

എന്നാല്‍ എൻഎൻസി2215-ൻ്റെ പ്രധാന പോരായ്മ എന്നത് ഇന്‍സുലിന്‍ സജീവമാകാന്‍ വലിയൊരു ഗ്ലൂക്കോസ് സ്പൈക്ക് ആവശ്യമാണ്. തുടര്‍ന്ന് വലിയ രീതിയില്‍ ഇന്‍സുലിന്‍ സജീവമാവുകയും ചെയ്യുന്നു. ഇന്‍സുലിന്‍റെ പ്രവര്‍ത്തനവും സ്വാധീനവും ക്രമേണയാക്കാനുള്ള ശ്രമങ്ങളാണ് ഗവേഷകര്‍ ഇപ്പോള്‍ നടത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*