സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ന്യായീകരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം : സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധനവിനെ ന്യായീകരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മാര്‍ക്കറ്റ് വിലയുമായി താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ വിശദീകരണം.

വില കുറഞ്ഞത് അറിയില്ലേ എന്ന് ചോദിച്ച മന്ത്രി, ശ്രദ്ധേയമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്നും പറഞ്ഞു. സപ്ലൈകോ നിലനില്‍ക്കുകയാണ് പ്രധാനം. ചില ക്രമീകരണങ്ങള്‍ വേണ്ടി വന്നു. ചിലതിന് വില കൂടും ചിലതിന് കുറയും. എല്ലാ ഔട്ട് ലെറ്റിലും സാധനങ്ങള്‍ വന്നു കഴിഞ്ഞു. ഇന്നലെ മാത്രം എട്ട് കോടി രൂപയുടെ വില്‍പ്പന നടന്നു. രണ്ട് ദിവസമായി സപ്ലൈകോയില്‍ വലിയ തിരക്കാണ്.

എട്ട് മാസമായി പഞ്ചസാര ഇല്ലായിരുന്നു. മാര്‍ക്കറ്റ് വിലയില്‍ നിന്നും 13 രൂപ കുറച്ചാണ് നല്‍കുന്നത്. അരിയ്ക്ക് മാര്‍ക്കറ്റില്‍ 42 രൂപയാണ്. അതില്‍ നിന്നും വിലകുറച്ചാണ് കൊടുക്കുന്നത്’, മന്ത്രി പ്രതികരിച്ചു. ചെറുപയര്‍, വെളിച്ചെണ്ണ, മുളക് എന്നിവയുടെ വില കുറച്ചുവെന്നും ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. ‘പൈസയുടെ കണക്ക് നിങ്ങള്‍ നോക്കണ്ട. യഥേഷ്ടം സാധനം കിട്ടുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി.

സര്‍ക്കാര്‍ കൊടുക്കേണ്ട പണം സപ്ലൈകോയും സര്‍ക്കാരും തമ്മില്‍ തീര്‍ത്തോളും. ജനങ്ങളുടെ വിഷയമാണ് നോക്കേണ്ടത്’, മന്ത്രി കൂട്ടിച്ചേര്‍ത്തു. അരി, പഞ്ചസാര, പരിപ്പ് തുടങ്ങിയ സബ്‌സിഡി സാധനങ്ങളുടെ വിലയാണ് വര്‍ധിച്ചത്. സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വര്‍ധിച്ചിട്ടുണ്ട്.

കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയില്‍ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയില്‍നിന്ന് 115 രൂപയാക്കിയും ഉയര്‍ന്നിട്ടുണ്ട്. പഞ്ചസാരയുടെ വിലയില്‍ ആറ് രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. നേരത്തെ 27 രൂപയായിരുന്ന പഞ്ചസാര വില 33 രൂപയാക്കി ഉയര്‍ത്തി. അതേസമയം ചെറുപയറിന് 2 രൂപ കുറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണയ്ക്കും വില കുറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*