പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധ: ബേക്കറി ഉടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: പഫ്സ് കഴിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടേതാണ് ഉത്തരവ്. എറണാകുളം, മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥൻ, നിധി എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനകം അരലക്ഷം രൂപ പരാതിക്കാർക്ക് നൽകാനാണ് കോടതി പറഞ്ഞിരിക്കുന്നത്.

മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ എൻ ഭാസ്കരനെതിരെയായിരുന്നു പരാതി. 2019 ജനുവരി 26 നാണ് പരാതിക്കാർ ബേക്കറിയിൽ നിന്ന് പഫ്സ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കഴിച്ചത്. തുടർന്ന് വയറു വേദന, ചർദ്ദി എന്നിവ അനുഭവപ്പെട്ടു. ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇവർ പരാതിയും നൽകി. ഉദ്യോഗസ്ഥർ ബേക്കറി പരിശോധിക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യ യോഗ്യമല്ലാത്ത ബേക്കറി സാധനങ്ങൾ എതിർ കക്ഷി നൽകിയതിലൂടെ പരാതിക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും മന:ക്ലേശത്തിനും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഡി ബി ബിനു അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഭക്ഷ്യ വസ്തുക്കൾ മാറാല കെട്ടിയ സ്ഥലത്താണ് സൂക്ഷിച്ചിരുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. കേടായ മറ്റ് ഭക്ഷ്യ വസ്തുക്കളും ബേക്കറിയിൽ നിന്ന് കണ്ടെത്തി. തുടർന്ന് 3,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിലും ബേക്കറിയുടെ ശുചിത്വത്തിൽ അപാകത കണ്ടെത്തിയിരുന്നു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തിനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ‘ഉണരൂ ഉപഭോക്താവേ… ഉണരൂ… എന്ന് കേട്ടുകൊണ്ടാണ് എല്ലാദിവസവും രാവിലെ നാം ഉറക്കത്തിൽ നിന്ന് ഉണരുന്നത്. ഉണർന്നെഴുന്നേറ്റ ഉപഭോക്താവ് പലപ്പോഴും ഇരുട്ടിലാണ് . ഉണർന്ന ഉപഭോക്താവിനെ വെളിച്ചത്തിലേക്ക് നയിക്കാൻ ശക്തവും ഫലപ്രദവുമായ നിയമ സംവിധാനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇത്തരം സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന ഉപഭോക്താവാണ് യഥാർത്ഥത്തിൽ ഉണർവുള്ള ഉപഭോക്താവ്. ഈ കേസിലെ പരാതിക്കാരനും കുടുംബവും മികച്ച മാതൃകയാണ്. വിവരാവകാശ നിയമം ഉൾപ്പെടെ ഉപയോഗിച്ച് നിയമ പോരാട്ടം നടത്തിയ കുടുംബത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു. പരാതിക്കാർക്കു വേണ്ടി അഡ്വ. ടോം ജോസഫ് ഹാജാരായി.

Be the first to comment

Leave a Reply

Your email address will not be published.


*