ന്യൂഡല്‍ഹി : പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും പാക്കേജില്‍ കാണിച്ചിരിക്കുന്ന എ1 മില്‍ക്ക്, എ2 മില്‍ക്ക് അവകാശവാദങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ അടക്കം ഫുഡ് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഭക്ഷ്യ സുരക്ഷാ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി.
2006ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. എ1, എ2 മില്‍ക്കുകള്‍ തമ്മിലുള്ള വ്യത്യാസം ബീറ്റാ-കസീന്‍ പ്രോട്ടീന്റെ ഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്. പശുവിന്റെ ഇനം അനുസരിച്ചാണ് വ്യത്യാസപ്പെടുന്നത്. നിലവിലെ വ്യവസ്ഥകള്‍ ഈ വ്യത്യാസം അംഗീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഇത്തരം അവകാശവാദങ്ങള്‍ പാക്കേജില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്.
ഭക്ഷ്യ ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഈ ക്ലെയിമുകള്‍ നീക്കം ചെയ്യണം. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും അവരുടെ വെബ്സൈറ്റുകളില്‍ നിന്ന് അത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ തന്നെ പ്രിന്റ് ചെയ്ത ലേബലുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് ആറുമാസം സമയം അനുവദിച്ചു.
എ1, എ2 മില്‍ക്കുകള്‍ തമ്മിലുള്ള വ്യത്യാസം അവയുടെ ബീറ്റാ-കസീന്‍ പ്രോട്ടീന്‍ ഘടനയുമായി ബന്ധപ്പെട്ടതാണ്. ഇത് ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമിടയില്‍ ഒരു ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
എ1 മില്‍ക്ക്
ഇതില്‍ എ1 ബീറ്റാ-കസീന്‍ അടങ്ങിയിരിക്കുന്നു. വടക്കന്‍ യൂറോപ്പിലെ പശുക്കള്‍ അല്ലെങ്കില്‍ ഹോള്‍സ്റ്റീന്‍, ഫ്രീസിയന്‍, അയര്‍ഷയര്‍, ബ്രിട്ടീഷ് ഷോര്‍ട്ട്ഹോണ്‍ തുടങ്ങിയ പശുക്കളില്‍ നിന്നുള്ള പാലില്‍ ഇത് പൊതുവായി കാണപ്പെടുന്നു. എ1 മില്‍ക്ക് ആണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പാല്‍. എ2 മില്‍ക്കിനേക്കാള്‍ ഉയര്‍ന്ന കൊഴുപ്പും കലോറിയും ഉണ്ട്.
എ2 മില്‍ക്ക്
ചാനല്‍ ദ്വീപുകളിലും തെക്കന്‍ ഫ്രാന്‍സിലും സാധാരണയായി കണ്ടുവരുന്ന ജേഴ്സി, ലിമോസിന്‍ തുടങ്ങിയ പശുക്കളുടെ പാലില്‍ എ2 ബീറ്റാ-കസീന്‍ അടങ്ങിയിട്ടുണ്ട്. എ2 പാലില്‍ എ1 പാലിനേക്കാള്‍ കൊഴുപ്പ് കുറവാണ്. എന്നാല്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
Be the first to comment