സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ (26 ജൂലൈ) വൈകിട്ട് മൂന്നു മുതൽ ആരംഭിച്ച പരിശോധന രാത്രി 10.30 വരെ നീണ്ടു. 132 സ്പെഷ്യൽ സ്‌ക്വാഡുകൾ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലെ ഹോട്ടലുകൾ, ഷവർമ അടക്കമുള്ളവ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, ജോ. കമ്മീഷണർ ജേക്കബ് തോമസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

തിരുവനന്തപുരം 392, കൊല്ലം 227, പത്തനംതിട്ട 118, ആലപ്പുഴ 220, കോട്ടയം 230, എറണാകുളം 287, ഇടുക്കി 103, തൃശൂർ 303, പാലക്കാട് 269, മലപ്പുറം 388, കോഴിക്കോട് 333, വയനാട് 76, കണ്ണൂർ 289, കാസർഗോഡ് 105 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും ഉൾപ്പെടെ 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു.

ജില്ലാതലത്തിലും, മേഖലാതലത്തിലും സംസ്ഥാനതലത്തിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് സ്പെഷ്യൽ സ്‌ക്വാഡിൽ ഉണ്ടായിരുന്നത്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്തുതകൾ അടങ്ങിയ ചെക്ക് ലിസ്റ്റ്, പ്രത്യേക റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*