ക്രിസ്‌മസ്‌-പുതുവത്സരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം

ഭക്ഷ്യസുരക്ഷാവകുപ്പ് ക്രിസ്മസ്-പുതുവത്സര വിപണിയിൽ ഭക്ഷ്യസുര​​ക്ഷ ഉറപ്പാക്കാൻ പരിശോധന നടത്തി. 52 സ്ഥാപനത്തിന്റെ പ്രവർത്തനമാണ് നിർത്തിച്ചത്. സംസ്ഥാന വ്യാപകമായി 2583 പരിശോധനയാണ് വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്.

151 സ്ഥാപനത്തിന്‌ പിഴ ഈടാക്കുകയും 213 സ്ഥാപനത്തിന്‌ റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 317 സ്റ്റാറ്റ്യൂട്ടറി സാമ്പിളും 1114 സർവൈലൻസ് സാമ്പിളും പരിശോധനയ്ക്കായി ശേഖരിച്ചു. ക്രിസ്‌മസ്- പുതുവത്സര സീസണിലെ സ്പെഷ്യൽ വിപണിയിൽ വിതരണം നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലാണ് പരിശോധന കർശനമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അടുത്ത ആഴ്ചയും പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു.

കൂടുതൽ ശ്രദ്ധ നൽകിയത് കേക്ക്, വൈൻ, ബോർമ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ്. പരിശോധനയ്ക്ക് വിധേയമാക്കിയവയിൽ കേക്ക്, കേക്ക് നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കൾ, ആൽക്കഹോളിക് ബിവറേജ്, ഐസ്‌ക്രീം, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയവയും ഉണ്ട്.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മീൻ, മാംസ ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രങ്ങളും പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ മീൻ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു. പരിശോധനകൾക്ക് ഭക്ഷ്യസുരക്ഷാ ജോയിന്റ് കമീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമീഷണർമാരായ എസ് അജി, ജി രഘുനാഥക്കുറുപ്പ്, വി കെ പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*