
തൃപ്രയാർ നാട്ടികയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുക്കാർ ദുരിതത്തിലെന്ന വാർത്തയിൽ ഇടപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തൃശൂർ മെഡിക്കൽ കോളജ് കാന്റീനിൽ നിന്ന് കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകാൻ തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദേശം നൽകി. കൂട്ടിരിപ്പുകാരുടെയും രോഗികളുടെയും ദൈനംദിന സ്ഥിതി റിപ്പോർട്ട് ചെയ്യാൻ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും ആവശ്യമായ അടിയന്തര സഹായവും ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. കളക്ടർ ഇന്ന് നേരിട്ട് മെഡിക്കൽ കോളജ് സന്ദർശിക്കും.
നിലവിൽ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. എട്ട് പേരാണ് ഇവരുടെ കൂട്ടിരിപ്പുകാരായി തുടരുന്നത്. ഇവരെല്ലാം തന്നെ ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അതിനായി ആശ്രയിക്കുന്നത് ഡിവൈഎഫ്ഐ ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിക്കുന്ന പൊതിച്ചോറാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു റോഡിനരികിൽ ഉറങ്ങി കിടന്നിരുന്ന നാടോടി സംഘാംഗങ്ങൾക്ക് നേരെ തടിലോറി പാഞ്ഞുകയറി ദാരുണ സംഭവം നടന്നത്. അപകടത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരണപ്പെട്ടത്. കണ്ണൂരിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന തടിലോറിയാണ് അപകടത്തിൽപ്പെട്ടത്. 10 പേർ അടങ്ങുന്ന നാടോടി സംഘമാണ് റോഡരികിൽ ഉറങ്ങിക്കിടന്നിരുന്നത്.ഡൈവേർഷൻ ബോർഡ് ഡ്രൈവർ കാണാതിരുന്നതാണ് അപകടകാരണം. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ക്ലീനറാണു വാഹനമോടിച്ചതെന്നു പോലീസ് വ്യക്തമാക്കി.
Be the first to comment