ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

സാവോപോളോ: ഫുട്ബോള്‍ രാജാവ്  പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.

മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നായിരുന്നു യഥാർത്ഥ പേര്. പതിനഞ്ചാം വയസിൽ പ്രെഫഷണൽ ക്ലബായ സാന്റോസിനുവേണ്ടി പന്ത് തട്ടിയായിരുന്നു തുടക്കം. മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിൽ പതിനാറാം വയസിലാണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അന്ന് അർജന്റീനയോട് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.

കളിച്ചിരുന്ന കാലത്ത് ഏറ്റവും പ്രതിഫലം ലഭിച്ചിരുന്ന കായികതാരമായിരുന്നു പെലെ. ഇരുകാലുകൾ കൊണ്ടും ഗോൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. 1367 മത്സരങ്ങളിൽ നിന്ന് 1297 ഗോളുകൾ നേടിയ താരാണ് അദ്ദേഹം. ബ്രസീൽ ജഴ്സിയിൽ 77 ഗോളുകൾ നേടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിന്‍റെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*