ദുബായ്: പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ). മിഡില്‍ ഈസ്റ്റിലെ വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഐപിഒയ്ക്ക് ഒക്ടോബര്‍ 28നാണ് തുടക്കമാകുക. നവംബര്‍ അഞ്ചുവരെയുള്ള ഐപിഒയിലൂടെ 258.2 കോടി ഓഹരികളാണ് വിറ്റഴിച്ചേക്കുക.
യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ്, ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ്ങിന്റെ 25 ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. 10% ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി (റീറ്റെയ്ല്‍ നിക്ഷേപകര്‍) നീക്കിവയ്ക്കും. 89% ഓഹരികള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐബി) ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാര്‍ക്കുമായിരിക്കും. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും ക്യുഐബിക്കും മിനിമം 1,000 ഓഹരികള്‍ക്കായി അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാര്‍ക്ക് മിനിമം 2,000 ഓഹരികള്‍ ഉറപ്പുനല്‍കും. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് മിനിമം സബ്‌സ്‌ക്രിപ്ഷന്‍ തുക 5,000 ദിര്‍ഹമായിരിക്കും (ഏകദേശം 1.14 ലക്ഷം രൂപ) എന്നാണ് സൂചന. തുടര്‍ന്ന് 1,000 ദിര്‍ഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങളുടെ അധിക ഓഹരികള്‍ക്കായും അപേക്ഷിക്കാം. ക്യുഐബികള്‍ക്ക് മിനിമം സബ്‌സ്‌ക്രിപ്ഷന്‍ തുക 50 ലക്ഷം ദിര്‍ഹമായേക്കും (11.44 കോടി രൂപ). ഐപിഒയിലൂടെ 170 കോടി ഡോളര്‍ മുതല്‍ 180 കോടി ഡോളര്‍ വരെ (ഏകദേശം 14,280 കോടി രൂപ മുതല്‍ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് ഐപിഒ. നവംബര്‍ 14 മുതല്‍ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ സ്റ്റോക്കിന്റെ വ്യാപാരം തുടങ്ങാന്‍ കഴിയുന്നവിധം ക്രമീകരണം ഒരുക്കാനാണ് പദ്ധതി.
Be the first to comment