നിയമസഭാ ചരിത്രത്തിലാദ്യം; സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച്  ഇത്തവണ സ്പീക്കർ പാനൽ പൂർണമായും വനിതകളാണ്. സ്പീക്കർ പാനലില്‍ മുഴുവൻ വനിതകളെത്തുന്നത് ആദ്യമായാണ്. വനിതകൾ പാനലില്‍ വരണമെന്ന് നിര്‍ദേശിച്ചത് സ്പീക്കർ എ.എൻ. ഷംസീറാണ്. ഭരണപക്ഷത്ത് നിന്ന് യു. പ്രതിഭ, സി.കെ ആശ എന്നിവരെത്തിയപ്പോൾ പ്രതിപക്ഷത്ത് നിന്ന് കെ.കെ രമയെയും ഉൾപ്പെടുത്തി.

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭ നിയന്ത്രിക്കുന്നത് സ്പീക്കർ പാനലിലുള്ള അംഗങ്ങളാണ്. പാനൽ ചെയർമാൻ എന്നാണ് ഇത്തരത്തിൽ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. ഓരോ സഭാ കാലഘട്ടത്തിലും പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയാണ് സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ നടപടിക്രമങ്ങൾ നിയന്ത്രിക്കാനുള്ളവരെ തിരഞ്ഞെടുക്കാറുള്ളത്.

പ്രതിപക്ഷത്ത്‌ നിന്ന് ഉമാ തോമസ്, കെ കെ രമയുടെ പേരുകളും ഭരണപക്ഷത്തു നിന്ന് യു പ്രതിഭ, കനത്തിൽ ജമീല, സി കെ ആശ എന്നിവരുടെ പേരുകളുമാണ് അതത് കക്ഷികൾ നാമനിർദ്ദേശം ചെയ്തിരുന്നത്. ഇവരില്‍ നിന്ന് സീനിയോറിറ്റി അനുസരിച്ച് ആണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കർ തിരഞ്ഞെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*