ലോകത്ത് ആദ്യമായി ജീവനുള്ള മനുഷ്യനിൽ പന്നിയുടെ വൃക്ക വെച്ചുപിടിപ്പിച്ചു

ലോകത്ത് ആദ്യമായി ജീവനുള്ള മനുഷ്യനിൽ പന്നിയുടെ വൃക്ക വെച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാചുസെറ്റ്സ് ജനറൽ ആശുപത്രിയിലാണ് വൈദ്യശാസ്ത്ര രം​ഗത്തെ ഈ നിർണായകമായ ചുവടുവെപ്പ് നടന്നത്. ശനിയാഴ്ചയാണ് 62-കാരനായ റിച്ചാർഡ് സ്ലേമാനിൽ നാല് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ നടന്നത്. പന്നിയുടെ വൃക്ക മനുഷ്യ ശരീരം തിരസ്ക രിക്കാതിരിക്കാനുള്ള പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. ടൈപ്പ് 2 പ്രമേഹവും ഹൈപ്പർടെൻഷനുമുള്ള റിച്ചാർഡിന് 2018 ഒരു തവണ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം വീണ്ടും വൃക്കയുടെ ആരോ​ഗ്യം മോശമായി തുടങ്ങി, അദ്ദേഹം ഡയാലിസിസിന് വിധേയനായി. അവയവങ്ങളുടെ ദൗർലഭ്യം ലോകമെമ്പാടുമുള്ള ഒരു വിട്ടുമാറാത്ത പ്രശ്നമാണ്.

ഈ ശസ്ത്രക്രിയയെ വൈദ്യശാസ്ത്ര രം​ഗത്തെ നാഴിക കല്ലായി കണാമെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വൃക്ക രോ​ഗികൾക്ക് ഇതൊരു പ്രതീക്ഷയാകുമെന്നും ഡോക്ടർമാർ പറഞ്ഞു. മനുഷ്യ ശരീരത്തിൽ വെച്ചുപിടിപ്പിക്കാനുള്ള പന്നിയുടെ വൃക്കയിൽ നിന്നും അപകടകരമായ ജീനുകൾ നീക്കം ചെയ്ത് മനുഷ്യജീനുകൾ ചേർക്കുന്നതിനായി ജനിതക എഡിറ്റ് ചെയ്തിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ഒരു സ്പീഷീസിൽ നിന്ന് മറ്റൊരു സ്പീഷീസിലേക്ക് അവയവം ദാനം ചെയ്യുന്ന രീതിയെ ക്സെനോട്രാൻസ്പ്ലാന്റേഷൻ എന്നാണ് വിളിക്കുന്നത്.

മുൻപ് മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളിലേക്ക് പന്നിയുടെ വൃക്കകൾ മാറ്റി വച്ചിരുന്നു എന്നാൽ ജീവിച്ചിരിക്കുന്ന മനുഷ്യനിൽ ആദ്യമായാണ് ഇത്തരം പരീക്ഷണം നടത്തുന്നത്. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കാനായി നേരത്തെ നടത്തിയ ശസ്ത്രക്രിയകളില്‍ ഭൂരിപക്ഷവും പൂര്‍ണ പരാജയമായിരുന്നു. വച്ചുപിടിപ്പിച്ച ഉടനെ ഈ അവയവങ്ങള്‍ മനുഷ്യശരീരം തിരസ്‌കരിക്കുന്നതാണ് പരാജയങ്ങള്‍ക്ക് കാരണമായിരുന്നത്. നേരത്തേ പന്നിയുടെ ഹൃദയം മനുഷ്യരില്‍ വെച്ചുപിടിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു. അമേരിക്കയിൽ തന്നെയാണ് ഇതും നടന്നത്. പക്ഷേ ഇവര്‍ രണ്ടുമാസങ്ങൾക്കുള്ളിൽ മരണപ്പെടുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*