വിങ്ങിപ്പൊട്ടി വയനാട്; മേപ്പാടി ശ്‌മശാനത്തില്‍ എരിഞ്ഞടങ്ങുന്നത് നിരവധി സ്വപ്‌നങ്ങള്‍, ഹൃദയഭേദകം ഈ കാഴ്‌ച

വയനാട്: പുതിയ പുലരി സ്വപ്‌നം കണ്ട് രാത്രി ഉറങ്ങാൻ കിടന്നവർ.പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു നാടൊന്നാകെ ഒലിച്ചുപോകുന്നു. പിന്നീട് കാണുന്നത് ഉള്ളുലയ്‌ക്കുന്ന കാഴ്‌ചകൾ.മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവരുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതു ശ്‌മശാനം വിറങ്ങലിക്കുകയാണ്. മൃതശരീരങ്ങളാണ് ഈ ശ്‌മശാനത്തിൽ എരിഞ്ഞടങ്ങിയത്.

ഇന്ന് രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്‌കരിച്ചു തുടങ്ങി. ഉറ്റവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. എന്നാൽ തിരിച്ചറിയാൻ പോലുമാവാതെ കിടക്കുന്ന മൃതദേഹങ്ങളിൽ തങ്ങളുടെ ബന്ധുക്കളെ കണ്ടെത്താനാകാതെ നിസഹായരാണ് പലരും. മുഖം പോലും കാണാൻ പറ്റാത്ത തരത്തിലുള്ള ഒട്ടനവധി മൃതദേഹങ്ങൾ ദുരന്ത മുഖത്ത് കണ്ണീർ നൊമ്പരമായി.

സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവരാണ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. അവസാനമായി വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്തവിധം എല്ലാം നഷ്‌ടപ്പെട്ടവരുടെ നൊമ്പരങ്ങളാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്. മുണ്ടക്കൈ ഭാഗത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്. നിരവധി മൃതദേഹങ്ങളാണ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഉറ്റവരെ നഷ്‌ടപ്പെട്ടവർക്കും ഒറ്റപ്പെട്ടവര്‍ക്കും ഈ ദുരന്തം ബാക്കി വച്ചത് നീറുന്ന ഓർമകൾ മാത്രം. ദുരന്ത സ്ഥലത്തെ തകർന്ന വീടുകൾക്കുള്ളിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മൃതദേഹങ്ങൾ പുറത്തെടുക്കാനാവാതെ രക്ഷാപ്രവർത്തകർ നിസഹരായതും ഇന്നലെ നമ്മൾ കണ്ട കാഴ്‌ചയാണ്.

സൈന്യവും കേരള ഫയർഫോഴ്‌സും തങ്ങൾക്കാവും വിധം ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പോത്തുകല്ലിലെ വനമേഖലയിലും തെരച്ചിൽ ഊർജിതമാണ്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*