കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ റെയിൽവേക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ റെയിൽവേക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. വേഗത നിയന്ത്രിക്കുന്നതിൽ റെയിൽവേക്ക് ശുഷ്കാന്തി ഉണ്ടായില്ല. വേഗ നിയന്ത്രണം ഉള്ള സ്ഥലത്ത് അമിതവേഗതയിലാണ് ട്രെയിൻ ഓടിയിരുന്നത് എന്ന് കണ്ടെത്തി. ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കും. പാലക്കാട് ഡിവിഷൻ മാനേജരുമായി ചർച്ച നടത്തും. വനം വകുപ്പും റെയിൽവേയും പരസ്പരം സഹകരിച്ചുകൊണ്ട് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് – കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ ആണ് ആനയെ ഇടിച്ചത്. ഒരു മാസത്തിനിടെ രണ്ടാമത്തെ കാട്ടാനയാണ് ട്രെയിൻ ഇടിച്ച് ചെരിയുന്നത്. ആനക്കുട്ടിയുടെ മൃതദേഹം ക്രെയിൻ ഉപയോഗിച്ച് മാറ്റി. വൈകാതെ പോസ്റ്റ്മർട്ടം നടത്തും.

20 വയസ്സ് പ്രായമുള്ള ആനയാണ് ചെരിഞ്ഞത്. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ട്രെയിനുകൾക്ക്‌ വേഗനിയന്ത്രണം ഉള്ള മേഖലയാണ് ഇത്. എന്നിട്ടും അപകടം നടന്നത് ദൗർഭാഗ്യകരം. കൂട്ടത്തോടെ കടന്നുപോകുന്നതിനിടെ സംഭവിച്ചതാവാമെന്ന് ഡിഎഫ്ഒ ജോസഫ് തോമസ് പറഞ്ഞു. കുട്ടിയാനകളെയാണ് ആദ്യം കടത്തി വിടുക. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായും ജോസഫ് തോമസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*