ലേലത്തിൽ കൊമ്പുകോർത്ത് വാഹന ഉടമകൾ : 0001 നമ്പറിനായി പൊരിഞ്ഞ പോര്

കാറിന് ഇഷ്ടപ്പെട്ട, ഫാൻസി നമ്പർ കിട്ടാൻ ലക്ഷങ്ങൾ വാരിയെറിയുന്ന് പുതിയ കാര്യമല്ല. സ്ഥിരമായി ഇത്തരം സംഭവങ്ങൾ രാജ്യമെമ്പാടും ഉണ്ടാകാറുണ്ട്. മോട്ടോർ വാഹന വകുപ്പിൻ്റെ പ്രധാന വരുമാന മാർഗമാണ് ഈ നമ്പർ ലേലം. ഡൽഹിയിൽ ഇത്തരത്തിൽ ഒരു നമ്പറിന് വാഹന ഉടമ മുടക്കിയത് 23.4 ലക്ഷം രൂപയാണ്. 0001 എന്ന നമ്പർ തൻ്റെ എസ്‌യുവിക്ക് കിട്ടാനാണ് ഉടമ കാൽ കോടിയോളം രൂപ മുടക്കിയത്. ഇദ്ദേഹത്തിൻ്റെ പേര് വിവരം ഡൽഹിയിലെ മോട്ടോർ വാഹന വകുപ്പ് അധികൃതർ പുറത്തുവിട്ടിട്ടില്ല.

മാർച്ചിലാണ് ഈ നമ്പറുകളുടെ ലേലം നടന്നത്. ഈ വർഷം ജൂൺ വരെ നടന്ന ലേലങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന തുകയാണ് 0001 നമ്പറിന് ലഭിച്ചത്. 0009 എന്ന നമ്പർ ലഭിക്കാൻ ഉടമ ജൂൺ മാസത്തിൽ 11 ലക്ഷം രൂപ ചെലവഴിച്ചു. 0007 എന്ന നമ്പർ 10.8 ലക്ഷം രൂപയ്ക്കാണ് ജൂൺ മാസത്തിൽ ലേലത്തിൽ പോയത്.

ഓൺലൈനായുള്ള ലേലത്തിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് 0001 എന്ന നമ്പർ ലഭിക്കാനാണെന്ന് ഡൽഹി ഗതാഗത വകുപ്പിലെ ഉന്നതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി, ഹോളിവുഡിലെ സൂപ്പർ സ്പൈ കഥാപാത്രം ജെയിംസ് ബോണ്ട് എന്നിവരോടുള്ള ആരാധനയാണ് 0007 എന്ന നമ്പറിനെ പ്രീമിയം നമ്പറാക്കിയതെന്ന് വിലയിരുത്തുന്നു.

ജനുവരിയിൽ 0002 എന്ന നമ്പറിനായി നടന്ന ഇ-ലേലത്തിൽ 5.1 ലക്ഷം രൂപയ്ക്കാണ് നമ്പർ വിറ്റുപോയത്. 0002 മുതൽ 0009 വരെയുള്ള നമ്പറുകൾക്ക് അടിസ്ഥാന വില 3 ലക്ഷം രൂപയാണ്. 0001 നമ്പറിൻ്റെ അടിസ്ഥാന വില അഞ്ച് ലക്ഷം രൂപയായിരുന്നു. 0010 മുതൽ 0099 വരെയും 0786, 1000, 1111, 7777, 9999 എന്നിവയ്ക്ക് 2 ലക്ഷമാണ് അടിസ്ഥാന വില. 0100, 0111, 0300, 0333 തുടങ്ങിയവയ്ക്ക് ഒരു ലക്ഷമാണ് അടിസ്ഥാന വില. മറ്റ് നമ്പറുകൾക്ക് 25000 രൂപയാണ് ഏറ്റവും കുറഞ്ഞ വില നിശ്ചയിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*