മനസ്സ് മാറ്റി പഴയിടം, വീണ്ടും സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ

വിദ്യാർഥികൾക്കായി ഊട്ടുപുരയിൽ രുചിസദ്യയൊരുക്കാൻ മനസ്സുമാറ്റി പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി. സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ ഉണ്ടാകില്ലെന്ന കടുത്ത നിലപാടാണു തൽക്കാലത്തേക്കു പഴയിടം മാറ്റിയത്. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകം പഴയിടം ഏറ്റെടുത്തു. കളമശേരിയിലെ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിനും പഴയിടത്തിന്റെ പാചകസംഘം സദ്യയൊരുക്കും.

വിവാദങ്ങളെ തുടർന്നു ജനുവരിയിൽ കോഴിക്കോട്ടെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അടുക്കളയിൽ നിന്നാണു പഴയിടം യാത്ര പറഞ്ഞിറങ്ങിയത്. 2000ൽ കോട്ടയത്തെ റവന്യു ജില്ലാ കലോത്സവം മുതൽ ഏറ്റെടുത്ത പാചകച്ചുമതലയിലൂടെ ഇതുവരെ രണ്ടേകാൽ കോടി കുട്ടികൾക്കു ഭക്ഷണം വിളമ്പിയെന്നാണു പഴയിടത്തിന്റെ കണക്ക്. പാചകച്ചുമതല മറ്റുള്ളവർക്ക് ഏറ്റെടുക്കാൻ അവസരം നൽകാൻ വേണ്ടിക്കൂടിയുമാണു പിന്മാറ്റമെന്നും ജോലിക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു.

സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ സംഘാടകരുടെ നിർബന്ധത്തെ തുടർന്നാണു പഴയിടം ഇപ്പോൾ തീരുമാനം മാറ്റിയത്. നവംബർ എട്ടു മുതൽ പത്തുവരെ കളമശേരിയിലാണു സ്പെഷൽ സ്കൂൾ കലോത്സവം. ശാസ്ത്രമേളയുടെ സംഘാടകരും വിളിച്ചപ്പോൾ രണ്ടുംകൂടി ചെയ്യാമല്ലോ എന്നു കരുതിയാണു ഇറങ്ങിയതെന്നും പഴയിടം പറഞ്ഞു. കോഴിക്കോട്ടെ വിവാദങ്ങളും പ്രതികരണങ്ങളും ചർച്ചകളും മനസ്സിൽ ആഴത്തിലുള്ള മുറിവേല്പിച്ചെങ്കിലും അതെല്ലാം ഉണങ്ങി. മന്ത്രിമാരായ വി.എൻ.വാസവൻ നേരിട്ടെത്തിയും വി.ശിവൻകുട്ടി ഫോണിൽ വിളിച്ചും സാന്ത്വനിപ്പിച്ചു. ഒട്ടേറെപ്പേർ കൂടെ നിന്നതിൽ സന്തോഷമുണ്ടെന്നും പഴയിടം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*