മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. ഇന്നലെ രാത്രി കോൺഗ്രസ് നേതാവ് എസ് എസ് മല്ലികാർജുന്റെ വീട്ടിൽ വച്ച് അർദ്ധ രാത്രി ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രൺദീപ് സുർജെവാലയും മറ്റ് മുതിർന്ന നേതാക്കളും ഷെട്ടറുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. ഷെട്ടർ രാഹുൽ ഗാന്ധിയുമായും ഫോണിൽ സംസാരിച്ചുവെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ രോഷാകുലനായാണ് ഷെട്ടർ പാർട്ടി വിട്ടത്. 67-കാരനായ ഷെട്ടറിന് രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് തനിക്ക് എംഎൽഎ സീറ്റ് തന്നെ വേണമെന്ന നിർബന്ധത്തിൽ ഷെട്ടർ പാർട്ടി വിടാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് മേയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാത്തതിൽ ഷെട്ടാർ അസ്വസ്ഥനായിരുന്നു. തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നൽകാതെ അപമാനിച്ചെന്നും ഭരണ കക്ഷിയിൽ തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഷെട്ടർ ആരോപിച്ചിരുന്നു.
ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം.
Be the first to comment