മുൻ ചീഫ് സെക്രട്ടറി ഡോക്ടർ കെ ജയകുമാറിന്റെ പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്. പ്രഭാവർമ്മ, ഡോക്ടർ കവടിയാർ രാമചന്ദ്രൻ, എം കൃഷ്ണൻ നമ്പൂതിരി എന്നിവർ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
കവി, പരിഭാഷകൻ, ഗാനരചയിതാവ് എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് കെ ജയകുമാർ. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങൾ ഉൾപ്പെടെ നാൽപ്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിൻ്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകൾ, ഖലീൽ ജിബ്രാന്റെ പ്രവാചകൻ, മനുഷ്യപുത്രനായ യേശു, സോളമൻ്റെ പ്രണയഗീതം എന്നിവ പ്രധാനപ്പെട്ട പരിഭാഷകളാണ്.
കേരള സർവകലാളാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാർ കവി, ചലച്ചിത്ര ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. 1952 ഒക്ടോബർ ആറിന് സിനിമാ സംവിധായകനായ എം കൃഷ്ണൻ നായരുടെയും സുലോചനയുടെയും മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. 1978ൽ ഐഎഎസ് നേടിയ അദ്ദേഹം കോഴിക്കോട് ജില്ല കളക്ടർ, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി തുടങ്ങിയ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Be the first to comment