തിരുവനന്തപുരം: സിപിഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്‍റെ വീട്ടിലെത്തി ഔദ്യോഗികമായി പാർട്ടിയിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ ഓഫിസ് അറിയിച്ചു. ഇന്നലെ (ഡിസംബര്‍ 02) രാത്രി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ മധുവിന്‍റെ വീട്ടിലെത്തി ഔദ്യോഗികമായി പാർട്ടിയിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്. മധു മുല്ലശ്ശേരിക്കെതിരെ സംഘടനാവിരുദ്ധവും സാമ്പത്തികവുമായ പരാതികളിൽ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചത്.
ജില്ലാ സെക്രട്ടറി വി ജോയ്, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മധു മുല്ലശ്ശേരി പാർട്ടി വിട്ടത്. മധുവിനെ മൂന്നാം തവണയും ഏരിയ സെക്രട്ടറിയാക്കേണ്ടെന്ന ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് രണ്ടുദിവസം മുമ്പ് നടന്ന മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സിപിഎമ്മില്‍ നിന്ന് പുറത്താക്കി: അതേസമയം, സിപിഎമ്മിൽ നിന്ന് മധു മുല്ലശ്ശേരിയെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി വി ജോയ് അറിയിച്ചു. മധുവിനെ പുറത്താക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ ശുപാർശ ചെയ്‌തിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ അനുമതിയോടെ തീരുമാനം ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Be the first to comment