ഡിഎംകെ മുൻ നേതാവ് ജാഫർ സാദിഖ് 3500 കോടിയുടെ മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിൽ

ദില്ലി: വിദേശത്തേക്ക് കോടികളുടെ ലഹരിമരുന്ന് കടത്തിയ സംഘത്തിൻ്റെ തലവനും ഡിഎംകെ മുൻ നേതാവുമായ ജാഫർ സാദിഖ് അറസ്റ്റിൽ. രാജസ്ഥാനിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇയാളെ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റുചെയ്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓസ്ട്രേലിയ, ന്യൂസീലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് 3500 കോടി രൂപയുടെ ലഹരി മരുന്ന് ജാഫറിൻ്റെ സംഘം കടത്തിയതായി എൻസിബി പറഞ്ഞു.

ലഹരിക്കടത്തിലൂടെ ലഭിച്ച പണം രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിംഗിനും സിനിമാ നിർമ്മാണത്തിനും ഉപയോഗിച്ചു . തമിഴ് സിനിമയിലെയും രാഷ്ട്രീയത്തിലെയും പല പ്രമുഖർക്കും ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് ജാഫർ മൊഴി നൽകിയതായും എൻസിബി പറഞ്ഞു. ഫെബ്രുവരി 15 മുതൽ ഒളിവിലാണെന്ന് എൻസിബി അറിയിച്ചിരുന്നു.

45 പാഴ്സലുകളിലായി 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ ഓസ്‌ട്രേലിയയിലേക്ക് അയച്ചതായി എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗ് പറഞ്ഞു. നാളികേരത്തിലും ഡ്രൈ ഫ്രൂട്ടിലും ഒളിപ്പിച്ചാണ് സ്യൂഡോഫെഡ്രിൻ വിദേശത്തേക്ക് അയച്ചത്. സാദിഖ് ഇതുവരെ നാല് സിനിമകൾ നിർമ്മിച്ചു. അവയിലൊന്ന് ഈ മാസം റിലീസ് ചെയ്യും. ഇയാളുടെ അറസ്റ്റിനെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, ഭരണകക്ഷിയായ ഡിഎംകെക്കെതിരെ ആഞ്ഞടിച്ചു. തമിഴ്‌നാട് ഇന്ത്യയുടെ മയക്കുമരുന്ന് തലസ്ഥാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*