ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ് പാര്‍ട്ടിക്ക് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം : ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ് പാര്‍ട്ടിക്ക് അയച്ച കത്ത് പുറത്ത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കാണിച്ചെഴുതിയ കത്താണ് പുറത്തുവന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസ് കത്ത് നല്‍കിയത്. ഡിവൈഎഫ്‌ഐ നേതാവ് എം ഷാജറിനെതിരെയാണ് പരാതി. അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയെന്നും അവര്‍ ഷാജറിനെ സഹായിക്കുകയാണ് ചെയ്തതെന്നും കത്തിലുണ്ട്.

ഷാജറിനെതിരെ നടപടിയുണ്ടായില്ല. കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടായ ശ്രദ്ധക്കുറവ് എന്ന് മാത്രമാക്കിയെന്നും കത്തില്‍ പറയുന്നു. 2022 ഏപ്രില്‍ മാസം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കി. സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് ഷാജര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതിയില്‍ പറയുന്നത്. ആകാശ് തില്ലങ്കേരിയുടെ വോയിസ് ക്ലിപ്പും തെളിവായി നല്‍കിയിരുന്നു. ഒരു വര്‍ഷത്തോളം സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പരാതി അന്വേഷിച്ചില്ല. മൂന്ന് തവണ ജില്ലാ കമ്മിറ്റി യോഗത്തില്‍ താൻ ഈ വിഷയം ഉന്നയിച്ചു. നീതി കിട്ടിയില്ലെന്നും മനു തോമസ് കൊടുത്ത കത്തിലുണ്ട്.

സ്വര്‍ണത്തിന്റെ അളവ് ലഘൂകരിച്ച് കാണിച്ചാല്‍ തെറ്റല്ലാതാകുമോയെന്നും ഏത് പാര്‍ട്ടി കമ്മിറ്റിയുടെ ആലോചന പ്രകാരമാണ് സ്വര്‍ണം വാങ്ങിയതെന്നും കത്തില്‍ ചോദിക്കുന്നുണ്ട്. സ്വര്‍ണം വിറ്റതിന്റെയും മാറ്റി വാങ്ങിയതിന്റെയും ബില്ലുകളില്ല. ഷാജറിന് നേതാക്കളുമായി പാര്‍ട്ടിക്കതീതമായി ഊഷ്മളബന്ധങ്ങളാണുള്ളത്. ഇത് സംഘടനയില്‍ സ്ഥാനമാനമുണ്ടാക്കി കൊടുക്കുന്നു. പക്ഷേ ഇത് തിരുത്താതെ പോകുന്നത് ഉചിതമല്ലെന്നും മനു തോമസ് കത്തില്‍ പറയുന്നുണ്ട്.

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘവുമായി പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് മനു തോമസ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതില്‍ ഒരു നടപടിയും പാര്‍ട്ടി സ്വീകരിച്ചില്ല. മനസ് മടുത്ത് സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോവുകയായിരുന്നുവെന്നും മനു തോമസ് പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*