ഇന്ത്യൻ മുൻ പേസ് ബോളർ ഡേവിഡ് ജോൺസൺ അന്തരിച്ചു

ഇന്ത്യൻ മുൻ പേസ് ബോളർ ഡേവിഡ് ജോൺസൺ മരിച്ചു. 52-ാം വയസുകാരനായിരുന്ന ഡേവിഡ് ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽനിന്നു വീണ് മരിക്കുകയായിരുന്നുവെന്നാണ് വിവരം. നാലാംനിലയിലെ ബാൽക്കണിയിൽനിന്ന് വീണ ഡേവിഡ് ജോൺസനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഒരു വർഷമായി ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയായിരുന്ന ഡേവിഡ് ജോൺസൺ ആശുപത്രിവാസവുമായി കഴിയുകയായിരുന്നു. മൂന്ന് ദിവസം മുൻപാണ് ഡിസ്ചാർജ് ചെയ്തതെന്നാണ് വിവരം. 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 125 വിക്കറ്റുകളാണ് ഡേവിഡ് ജോൺസൺ കരിയർ നേട്ടം. 1995-96 രഞ്ജി ട്രോഫി സീസണിൽ കേരളത്തിനെതിരെ 152 റൺസിന് 10 വിക്കറ്റ് എന്ന മികച്ച ബൗളിംഗ് പ്രകടനവും കാഴ്ചവച്ചിരുന്നു. ആഭ്യന്തര മാച്ചുകളിൽ ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളർമാരിൽ ഒരാൾ കൂടിയായിരുന്നു ഡേവിഡ് ജോൺസൻ.

1996-ൽ ന്യൂഡൽഹിയിൽ നടന്ന ഏകദിന ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഡേവിഡ് ജോൺസന്റെ അരങ്ങേറ്റ മത്സരം. ഡേവിഡ് ജോൺസൻ്റെ നിര്യാണത്തിൽ സഹതാരമായിരുന്ന അനിൽ കുംബ്ലെ അനുശോചിച്ചു. “എൻ്റെ സഹപ്രവർത്തകൻ ഡേവിഡ് ജോൺസൻ്റെ വിയോഗവാർത്തയിൽ ദുഃഖമുണ്ട്. അദ്ദേഹത്തിൻ്റെ കുടുംബത്തിന് അനുശോചനം. ‘ബെന്നി’ പെട്ടെന്ന് പോയി!” കുംബ്ലെ എക്‌സിൽ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*