
ബെംഗളൂരു: ഐപിഎല്ലിന്റെ പുതിയ സീസണിലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിരാശപ്പെടുത്തുകയാണ്. ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയം മാത്രമാണ് ബെംഗളൂരുവിന് നേടാനായത്. പോയിന്റ് ടേബിളിലും അവസാന സ്ഥാനക്കാരാണ് വിരാട് കോഹ്‌ലി ഉൾപ്പെടുന്ന ടീം. പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ഉടമകളെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ടെന്നിസ് മുൻ താരം മഹേഷ് ഭൂപതി.
കായിക മേഖലയ്ക്ക് വേണ്ടി, ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി, റോയൽ ചലഞ്ചേഴ്സിന്റെ ആരാധകർക്ക് വേണ്ടി ഈ ടീമിന് പുതിയ ഉടമയുണ്ടാകണം. റോയൽ ചലഞ്ചേഴ്സിനെ പുതിയ ഉടമകൾക്ക് കൈമാറാൻ ബിസിസിഐ മുൻകൈ എടുക്കണം. ഒരു കായിക ടീമിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിവുള്ളവർ റോയൽ ചലഞ്ചേഴ്സിൽ വരേണ്ടതുണ്ട്. ഐപിഎല്ലിലെ മറ്റ് ടീമുകൾ ഇത് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും മഹേഷ് ഭൂപതി വ്യക്തമാക്കി.
ക്രിക്കറ്റ് ഒരു ടീം ഇനമാണ്. അവിടെ വ്യക്തിഗത പ്രകടനങ്ങൾക്ക് കാര്യമില്ല. വലിയ താരങ്ങളെ പണം കൊടുത്ത് ടീമിലെത്തിച്ചിട്ട് കാര്യമില്ല. അവർക്ക് വിജയങ്ങൾ നേടാൻ കഴിയില്ല. അത് റോയൽ ചലഞ്ചേഴ്സ് തെളിയിച്ചു. എ ബി ഡിവില്ലിയേഴ്സ്, വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, ഫാഫ് ഡു പ്ലെസിസ് തുടങ്ങിയവരെല്ലാം ലോകോത്തര താരങ്ങളാണ്. പക്ഷേ ഓരോ മത്സരത്തിലും വ്യത്യസ്ത താരങ്ങൾ നന്നായി കളിക്കണം. റോയൽ ചലഞ്ചേഴ്സിൽ താൻ അങ്ങനൊരു കാര്യം കണ്ടിട്ടേയില്ലെന്നും ഇന്ത്യൻ ടെന്നിസ് ഇതിഹാസം വ്യക്തമാക്കി.
Be the first to comment