ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടു; മരണം പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റ്

ടോക്യോ: ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു. 67 വയസായിരുന്നു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് മരണം. പടിഞ്ഞാറന്‍ ജപ്പാനിലെ നരാ പട്ടണത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് അക്രമിയുടെ വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

പ്രസംഗത്തനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 41 വയസ് തോന്നിക്കുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രസംഗം തുടങ്ങി മിനിറ്റുകള്‍ക്കകമായിരുന്നു ആക്രമണം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷിയായ യുവതിയും പ്രതികരിച്ചു. രണ്ടാമത്തെ വെടിയേറ്റതിന് പിന്നാലെ ആബെ നിലത്തുവീഴുകയായിരുന്നു. രക്തംവാര്‍ന്നൊലിക്കുന്ന നിലയിലാണ് അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്.

ഏറ്റവും കൂടുതല്‍കാലം ജപ്പാന്‍ പ്രധാനമന്ത്രിപദം വഹിച്ചിരുന്നയാളാണ് ആബെ. 2006 ല്‍ ഒരു വർഷത്തേക്കും പിന്നീട് 2012 മുതല്‍ 2020 വരെയും അദ്ദേഹം ജപ്പാന്‍ പ്രധാനമന്ത്രി പദത്തില്‍ തുടര്‍ന്നു. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം 2020 ല്‍ സ്ഥാനം ഒഴിഞ്ഞത്. ഇന്ത്യയുമായും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ആബെ.

Be the first to comment

Leave a Reply

Your email address will not be published.


*