കോട്ടയം: വ്യാജ രേഖയുണ്ടാക്കി സഹകരണ ബാങ്കിൽ നിന്നും 1.20 ലക്ഷം രൂപ തട്ടിയെടുത്ത മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 12 വർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും. കോട്ടയം ജില്ലയിലെ കാണക്കാരി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണ വാര്യരെയാണ് വ്യാജ രേഖയുണ്ടാക്കി പണാപഹരണം നടത്തിയതിന് രണ്ട് കേസ്സുകളിലായി ആകെ 12 വർഷം കഠിന തടവിനും 1,30,000/ രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്.
2005 ആഗസ്റ്റ് മുതൽ 2006 സെപ്തംബർ വരെയുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിൽ കാണക്കാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യർ, വ്യാജ രേഖകളുണ്ടാക്കി കാണക്കാരി സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ സമർപ്പിച്ച് ആകെ 1,20,958/ രൂപ സ്വന്തം പേരിൽ മാറിയെടുത്തതായാണ് വിജിലൻസ് കേസ് .
കോട്ടയം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി രണ്ടു കേസുകളിലായാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് സാമ്പത്തിക വർഷങ്ങളിൽ നടന്ന ക്രമക്കേട് ആയതിനാൽ വിജിലൻസ് നൽകിയ രണ്ട് കേസ്സുകളിലും ബാലകൃഷ്ണ വാര്യർ കുറ്റക്കാരനാണെന്ന് വിജിലൻസ് കോടതി കണ്ടെത്തി. രണ്ട് കേസ്സുകളിലായി, വിവിധ വകുപ്പുകളിലായി ആകെ 12 വർഷം വീതം കഠിന തടവിനും ആകെ 1,30,000/ രൂപ പിഴ ഒടുക്കുന്നതിനുമാണ് കോട്ടയം വിജിലൻസ് കോടതി പ്രതിയായ ബാലകൃഷ്ണ വാര്യരെ ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു.
Be the first to comment