ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍. കമ്മീഷന് കൊടുത്ത മൊഴികള്‍ സര്‍ക്കാരിന് മുന്നിലില്ല. വ്യക്തിപരമായ പരാമര്‍ശം ഇല്ലാത്തതിന്റെ ഭാഗമായി, കേവലം ജനറല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി ഇന്ന വ്യക്തികള്‍ക്ക് അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാകില്ല.

ആകാശത്ത് നിന്ന് എഫ് ഐ ആർ ഇടാനാകില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ല. ഹേമ കമ്മീഷന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകാന്‍ പറ്റാത്ത തരത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. മുഖ്യമന്ത്രി ശക്തമായി ഇടപെട്ടാണ് പ്രശ്‌നംപരിഹരിച്ചതെന്നും എകെ ബാലന്‍ പറഞ്ഞു. 400 ഓളം പേജുകള്‍ പുറത്തു വരാത്ത മൊഴികളും രേഖകളുമുണ്ട്. അതൊന്നും കമ്മീഷന്‍ സര്‍ക്കാരിനും തന്നിട്ടില്ല. പുറത്തു വിട്ടിട്ടുമില്ല. നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ ചിലഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതു പുറത്തുവിടാത്തത് ഹേമ കമ്മിറ്റിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്.

സര്‍ക്കാരിന് മുന്നില്‍ വ്യക്തിപരമായ പരാതി ഇല്ല. എന്നാല്‍ ഈ രംഗവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങളുണ്ട്. ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കേണ്ടതാണ്. സിനിമാ നടിക്കെതിരായ അതിക്രമത്തെത്തുടര്‍ന്ന് ഡബ്ലിയുസിസി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. രണ്ടു വര്‍ഷത്തോളം ഇവര്‍ വിഷയങ്ങള്‍ പഠിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകാന്‍ പറ്റാത്ത ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. മുഖ്യമന്ത്രിയുടെ ശക്തമായ നിലപാടിനെത്തുടര്‍ന്ന്, മുഖ്യമന്ത്രി ഉദ്ദേശിച്ച രീതിയില്‍തന്നെ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് നടക്കുമ്പോള്‍ ഇത് ഇരുതല മൂര്‍ച്ചയുള്ള ഒരു പ്രശ്‌നം ആണെന്ന് കണ്ട് വളരെ അവധാനതയോടെയുള്ള സമീപനമാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ എടുത്തത്.

ഇതിന്റെ ഭാഗമായി മൊഴി പറയാന്‍ എത്തുന്നവര്‍ക്ക് കമ്മീഷന്‍ ഉറപ്പു നല്‍കിയിരുന്നു. ആരാണോ പറയുന്നത്, ആര്‍ക്കെതിരായാണോ പറയുന്നത്, വ്യക്തിപരമായി ഒരു രൂപത്തിലും വെളിപ്പെടുത്തില്ല എന്നാണ് കമ്മീഷന്‍ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് പലരും നിര്‍ഭയമായി കാര്യങ്ങള്‍ പറയാന്‍ തയ്യാറായത്. ഇതിന്റെ ഭാഗമായി രൂപം കൊണ്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടുന്നത് 2019 ഒക്ടോബര്‍ 31 നാണ്. കമ്മീഷനെ നിയോഗിച്ചത് 2017 ജൂണ്‍ മാസത്തിലാണ്. കമ്മീഷനെ വെക്കുമ്പോഴും റിപ്പോര്‍ട്ട് ലഭിക്കുമ്പോഴും താന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയാണെന്നും എകെ ബാലന്‍ പറഞ്ഞു.

സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാതെ ഈ രംഗത്തെ മുമ്പോട്ടു കൊണ്ടുപോകാന്‍ പറ്റില്ല. ഇത് കലാസാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ട വേദിയാണ്. വ്യവസായവുമായി ബന്ധപ്പെട്ട വേദി കൂടിയാണ്. അതിനാല്‍ ഇതിനെ പരിപൂര്‍ണമായി തകര്‍ക്കുന്ന രൂപത്തില്‍, വെളുക്കാന്‍ തേച്ചത് പാണ്ടാകാന്‍ പാടില്ലല്ലോ, കുളിച്ചുകുളിച്ചു കുട്ടിയെ ഇല്ലാതാക്കാനും പറ്റില്ല, അതിനാല്‍ ഈ രണ്ടു ഭാഗങ്ങളും നോക്കി അവധാനതയോടെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. അതിന് നിയമപരമായി, ഭരണപരമായി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ഈ സര്‍ക്കാര്‍ ചെയ്യുമെന്ന് ഉറപ്പുണ്ട് എന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*