മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. 1991-1995 കാലയളവില്‍ നാലാം കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലു തവണ കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായി. ദീര്‍ഘകാലം എറണാകുളം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എറണാകുളം പെരുമ്പാവൂര്‍ വാഴക്കുളത്ത് ടി കെ എം ഹൈദ്രോസിന്റേയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബര്‍ ഏഴിനാണ് ജനനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ടി എച്ച് മുസ്തഫ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. 1962ല്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായി. 1966ല്‍ കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സൈക്രട്ടറിയായി. 1983 മുതല്‍ 1997 വരെ കെപിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1977ല്‍ ആലുവയില്‍ നിന്ന് ആദ്യമായി നിയസഭയിലെത്തി.

1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ കരുണാകരന്‍ പക്ഷത്തിനൊപ്പം നിലയുറപ്പിച്ചു. 1980ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം നിന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി മുഹമ്മദാലിയോട് പരാജയപ്പെട്ടു. 1982,1987,1991,2001 തിരഞ്ഞെടുപ്പുകളില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. അവസാന കാലത്ത് കെപിസിസിയുടെ സംസ്ഥാന നിര്‍വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*