‘ആക്കുളം പുനരുജ്ജീവന പദ്ധതിയിൽ നിക്ഷിപ്ത താത്പര്യം’; മന്ത്രി റിയാസിനെതിരെ കടകംപള്ളി നിയമസഭയിൽ

തിരുവനന്തപുരം: ടൂറിസം വകുപ്പിനെയും മന്ത്രി മുഹമ്മദ് റിയാസിനെയും വിമർശിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനുള്ള കരാറില്‍ ‌ഒപ്പിടാതെ ടൂറിസം വകുപ്പ് നീട്ടി കൊണ്ടുപോകുകയാണ്. ഇതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമാണെന്നും സ്ഥലം എംഎൽഎ കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. നാല് ലക്ഷം ചെലവിൽ കൺസൾട്ടൻസിയെ നിയോഗിച്ചതെന്തിനെന്നും കടകംപള്ളി നിയമസഭയിൽ ചോദിച്ചു. ഭരണപക്ഷത്തുനിന്നുതന്നെ മന്ത്രിക്കെതിരെ വിമർശനം ഉയരുന്ന കാഴ്ചയാണ് നിയസഭയിൽ ഇന്ന് കണ്ടത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശം പോലും മുഖവിലയ്ക്കെടുക്കുന്നില്ല. സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ച് പദ്ധതി അട്ടിമറിയ്ക്കാനാണ് നീക്കമെന്നും കടകംപള്ളി വിമർശിച്ചു. എന്നാൽ കടകംപള്ളിയുടെ ആരോപണത്തോട് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചില്ല. പകരം കിഫ്ബി റിപ്പോര്‍ട്ട് പ്രകാരം മുന്നോട്ട് പോകുമെന്ന് മന്ത്രി മറുപടി നൽകി.

225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാൻ 185 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കരാറിൽ ഒപ്പിട്ട് തുടർനടപടികൾ പൂർത്തിയാക്കാൻ ടൂറിസം വകുപ്പ് തയ്യാറാകുന്നില്ലെന്നുമാണ് കടകംപള്ളി പറയുന്നത്. കായലിൽ ഒഴുകി നടക്കുന്ന മാലിന്യം നീക്കം ചെയ്യൽ, ഡ്രഡ്ജിംഗ്, ജലശുദ്ധീകരണം എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. വെറ്റ് ലാന്‍റ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തീയറ്റർ, ഇരിപ്പിടങ്ങൾ, ജിം എന്നിങ്ങനെ വലിയ പദ്ധതിയാണ് ആക്കുളം പുനരുജ്ജീവന പദ്ധതി.

Be the first to comment

Leave a Reply

Your email address will not be published.


*