മുന്‍ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്‍റെ ഓർമ്മകള്‍ക്ക് ഇന്ന് 9 വയസ്

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എപിജെ അബ്‌ദുൾ കലാമിൻ്റെ ഓർമകൾക്ക് ഇന്ന് ഒൻപത് വയസാകുന്നു. എല്ലാവർക്കും പ്രിയങ്കരനായിരുന്ന രാഷ്‌ട്രപതി. ഒരു തലമുറയെ തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച ക്രാന്തദർശിയായി. രാജ്യത്തിനും വരും തലമുറയ്ക്കും വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കലാമിന്റെ പ്രയത്നങ്ങൾ എന്നും ഈ രാജ്യം കപ്പാടോടെ ഓർക്കുകതന്നെ ചെയ്യും.

ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിലെ പ്രസംഗ വേദി. ഇന്ത്യ കണ്ട ഏറ്റവും മികച്ച വ്യക്തികളിൽ ഒരാളും രാജ്യത്തിൻ്റെ പ്രഥമ പൗരനുമായിരുന്ന ഡോ എപിജെ അബ്‌ദുൾ കലാം പ്രസംഗിക്കുന്നു. പ്രസംഗം നീളവേ പ്രേക്ഷകർ കാണുന്നത് വേദിയിൽ അദ്ദേഹം കുഴഞ്ഞു വീഴുന്നതാണ്. ഉടൻ തന്നെ അടുത്തുള്ള ബഥനി ആശുപത്രിയിൽ അദ്ദേഹത്തെ എത്തിച്ചു. പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ഡോ എപിജെ അബ്‌ദുൾ കലാം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്‌ദീൻ അബ്‌ദുൽ കലാം എന്ന ഡോ എപിജെ അബ്‌ദുൽ കലാം. 1931 ഒക്ടോബർ 15നായിരുന്നു ജനനം. പ്രശസ്‌തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്‌ധനും എഞ്ചിനീയറുമായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച എ പി ജെ അബ്‌ദുൽ കലാം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൻ്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്‌ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*