മന്‍മോഹന്‍ സിങിന്റെ ജീവിതം വരുംതലമുറയ്ക്ക് പാഠം; പരിഷ്‌കരണങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ എളിയ പശ്ചാത്തലത്തില്‍ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദംവരെ എത്തിയ അദ്ദേഹത്തിന്റെ വളര്‍ച്ച വരും തലമുറയ്ക്ക് പാഠമാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഏറെ ഇടപെടലുകള്‍ മന്‍മോഹന്‍ സിങ് നടത്തിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മികച്ച പാര്‍ലമെന്റേറീയനായ മന്‍മോഹന്‍ സിങിന്റെ ജീവിതം സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തനായി മന്‍മോഹന്‍സിങ് നടത്തിയ പരിഷ്‌കരണങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. ദാരിദ്ര്യത്തോട് പോരാടി ഒരാള്‍ക്ക് എങ്ങനെ അത്യുന്നതിയിലെത്താന്‍ കഴിയുമെന്നതിന്റെ പാഠമാണ് മന്‍മോഹന്റെ ജീവിതം. ഇത് ഭാവിതലമുറയ്ക്കും പ്രചോദനമാകമെന്നും മോദി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ മന്‍മോഹന്‍ സിങിന്റെ വസതിയിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്ജി അര്‍പ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നഡ്ഡ എന്നിവരും മന്‍മോഹന്‍ സിങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. 2004 മുതല്‍ 2014വരെ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ഇന്നലെ രാത്രിയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അന്തരിച്ചത്.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ എട്ടുമണി മുതല്‍ പത്തുമണിവരെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. സോണിയ ഗാന്ധി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് സംസ്‌കാരം നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*