കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച തീരുമാനത്തില്‍ കോട്ടയത്ത് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങി കേരളാ കോണ്‍ഗ്രസ്. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കും.

കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങൾ ചര്‍ച്ചയ്ക്കായി നാളെ തിരുവനന്തപുരത്തെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയമായിരിക്കും പ്രധാന അജണ്ട. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് ഇല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നിര്‍ദ്ദേശം.

എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി ജെ ജോസഫും മോന്‍സ് ജോസഫും നിലപാടെടുത്തതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായത്. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തോടെ നഷ്ടമായ കോട്ടയം സീറ്റ് ഏത് വിധേനയും തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിന്റെ അഭിമാനപ്രശ്‌നമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*