ഇലക്ട്രിക് സ്കൂട്ടറുകളിൽ മോട്ടോർ ശേഷി കൂട്ടി നൽകി തട്ടിപ്പ്; ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

കൊച്ചി: ഇലക്ട്രിക് സ്കൂട്ടറുകളിൽ മോട്ടോർ ശേഷി കൂട്ടി നൽകി തട്ടിപ്പ്. എറണാകുളം നഗരത്തിൽ 12 ഷോറൂമുകളിലും മലപ്പുറം തിരൂരിൽ ഒരു ഷോറൂമിലുമാണ് തട്ടിപ്പ് കണ്ടെത്തിയത്. സംസ്ഥാന വ്യാപകമായി ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ പരിശാധന നടക്കുന്നുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് അറിയിച്ചു.

250 വാട്സ് ഉള്ള വാഹനങ്ങളുടെ മോട്ടോർ ശേഷി 928 വാട്സ് വരെ വർധിപ്പിച്ച് നൽകും. അതുവഴി പെട്രോൾ വാഹനങ്ങൾ പോലെ വേഗതയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പോകാൻ കഴിയും. എറണാകുളം ജില്ലയിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ 12 ഷോറൂമുകളുണ്ട്. അവിടെയെല്ലാം പരിശോധന നടക്കുകയാണെന്നും എസ്.ശ്രീജിത്ത് അറിയിച്ചു.

നിർമ്മാണത്തിൽ തന്നെ പിഴവ് വരുത്തുന്നതാണെങ്കിൽ നിർമ്മാതാവിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് 100 കോടി രൂപ വരെ പിഴ ചുമത്താം. നിർമ്മാതാക്കളാണോ ഏജൻസികളോണോ തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആവശ്യമാണ്. ഹീറോ ഇലക്ട്രിക് സ്കൂട്ടറുകളിലെ തട്ടിപ്പാണ് ഇന്ന്  കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയ ഷോറൂമുകൾ അടക്കാൻ നിർദേശം നൽകി.

ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ലാത്ത, സൈക്കിളിന്റെ വേഗതയാണ് ഇവയ്ക്ക് നിശ്ചയിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറുകൾ വളരെ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ല. മോട്ടോർ ശേഷി കൂട്ടി അമിത വേഗതയിൽ പോകുന്ന വാഹനങ്ങൾ അപകടമുണ്ടാക്കിയാൽ പരിരക്ഷ കിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷോറൂമുകളിൽ പരിശോധന നടത്തിയത്. ഇത്തരം സ്കൂട്ടറുകളുടെ മോട്ടോർ ശേഷി ലാബിൽ കൊണ്ടുപോയി പരിശോധന നടത്തിയാണ് തട്ടിപ്പ് പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*