ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകും

filed pic

ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള പരിശീലനം അടക്കം എല്ലാ നടപടികളും പൂര്‍ത്തിയായതായി കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മെമ്പര്‍  പറഞ്ഞു. കൗമാര ഗർഭധാരണം വര്‍ധിച്ചുവന്ന പശ്ചാത്തലത്തിലാണ് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള നടപടികൾ ഹൈക്കോടതി ഉറപ്പാക്കിയത്.

ഈ അടുത്തിടെ കൊച്ചിയില്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം പൊതിക്കെട്ടായി വലിച്ചെറിഞ്ഞ അമ്മയുടെ  പ്രായം 23 ആണ്. എങ്കിലും ഈ കേസടക്കം ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. ശരിയായ സമയത്ത് ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭ്യമാക്കുകയാണെങ്കില്‍ ഇത്തരം ദാരുണസംഭവങ്ങളുണ്ടാകാതെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 

14 വയസിന് താഴെയുള്ള ഇരുപത് പെൺകുട്ടികളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രത്തിനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഈ കണക്കും കൗമാരകാലത്ത് തന്നെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന്‍റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. ലൈംഗിക അതിക്രമം വരുത്തിയ ആഘാതത്തിൽ ആറ് മാസം വരെ ആരോടും മിണ്ടാതിരുന്നവർ, അമ്മയെ സങ്കടപ്പെടുത്താനാകില്ലെന്ന് പറഞ്ഞവർ, കുഞ്ഞുശരീരത്തിലെ മാറ്റം തിരിച്ചറിയാതെ പോയ പത്ത് വയസ്സുകാരി വരെയുണ്ട് ഇത്തരത്തലുള്ള കേസുകളില്‍ ഇരപ്പട്ടികയില്‍. മിക്ക കേസുകളിലും സ്വന്തം അച്ഛനോ, രണ്ടാനച്ഛനോ, അച്ഛന്‍റെ സുഹൃത്തുക്കളോ എല്ലാമാണ് പ്രതികൾ.

കൊവിഡിൽ ഓൺലൈൻ ക്ലാസ് രീതിയിലേക്ക് മാറിയതോടെ അടിമുടി മാറ്റത്തിന് വിധേയരായ പുതിയ വിദ്യാർത്ഥി സമൂഹത്തിനൊപ്പമെത്താൻ ലൈംഗിക വിദ്യാഭ്യാസം കൂടിയേ തീരു എന്ന തിരിച്ചറിവിലാണ് നേരത്തെ വിവാദങ്ങളെ തുടർന്ന് ഉപേക്ഷിച്ച തീരുമാനം വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതി ഇടപെടലിൽ നടപ്പാക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*