എന്‍ഡിഎയെ പുകഴ്ത്തി മുന്നണി ഐക്യത്തിന് ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി

എന്‍ഡിഎ സഖ്യത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ മുന്നണി യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം, എന്‍ഡിഎയെ പുകഴ്ത്തിയായിരുന്നു മോദിയുടെ പ്രസംഗം. അനവധി തവണ എന്‍ഡിഎ എന്ന് പരാമര്‍ശിച്ച മോദി, മുന്നണി ഐക്യം ഊന്നിപ്പറഞ്ഞായിരുന്നു പ്രസംഗിച്ചത്. തന്റെ മുന്‍കാല പ്രസംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ മുന്നണിക്കും എൻഡിഎ ഐക്യത്തിനും വേണ്ടിയായിരുന്നു മോദിയുടെ പ്രസംഗം. സ്വന്തം പേരും ബിജെപി സര്‍ക്കാര്‍ എന്നും പറഞ്ഞായിരുന്നു മോദി സ്ഥിരമായി പ്രസംഗിച്ചിരുന്നത്. എന്നാല്‍, ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, മുന്നണിയിലെ പാര്‍ട്ടികളെ പിണക്കിയാല്‍ നിലനില്‍പ്പില്ലെന്ന് മനസിലാക്കിയാണ് മോദിയുടെ പുതിയ പ്രസംഗം.

നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭ രൂപീകരണത്തില്‍ കടുത്ത നിബന്ധനകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, മുന്നണിയെ ഉയര്‍ത്തിക്കാട്ടി മോദിയുടെ പ്രസംഗം. കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എന്‍ഡിഎ യോഗത്തിലും രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലും ‘ഇത് മോദിയുടെ വിജയം’ എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. സഖ്യത്തിന്റേത് ഉലയാത്ത ബന്ധമാണെന്നും അതിന്റെ വിജയമാണ് നേടിയതെന്നുമാണ് മോദി ഇന്നത്തെ പ്രസംഗത്തില്‍ അവകാശപ്പെട്ടത്.

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ മുന്നണിയാണ് എന്‍ഡിഎ സഖ്യമെന്നും മോദി അവകാശപ്പെട്ടു. എന്‍ഡിഎയുടെ എല്ലാ തീരുമാനങ്ങളും ഒറ്റക്കെട്ടായി എടുക്കണമെന്നും മോദി പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് രാജ്‌നാഥ് സിങ് ആണ് മോദിയുടെ പേര് സഖ്യത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നിര്‍ദേശിച്ചത്. മറ്റ് അംഗങ്ങള്‍ ഇത് ഐക്യകണ്‌ഠേന അംഗീകരിച്ചു.

ഇത്തവണ നേടിയ വിജയം രാത്രിയും പകലമില്ലാതെ പ്രവര്‍ത്തിച്ച എന്‍ഡിഎ സഖ്യത്തിലെ ഓരോ പ്രവര്‍ത്തകര്‍ക്കും ഉള്ളതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രതിക്ഷമായ ഇന്ത്യ സഖ്യം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്നും ജയിച്ചെത്തിയ എന്‍ഡിഎ തോറ്റെന്ന് പ്രചരിപ്പിക്കുന്നു എന്നും മോദി ആരോപിച്ചു. ഞായറാഴ്ചയാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്യുന്നത്.അധികാരത്തിന്റെ പ്രതീകമായി ചെങ്കോല്‍ പ്രതിഷ്ഠിച്ച മോദി, രാജ്യത്തിന്റെ ഭരണഘടനയെ തൊട്ടുവണങ്ങിയതിന് ശേഷമാണ് ഇത്തവണത്തെ പ്രസംഗം ആരംഭിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*