
പാലാ: പ്രമുഖ ക്രംപ് റബർ ഉൽപാദകരായിരുന്ന പാലാ മാർക്കറ്റിങ് സഹകരണസംഘത്തിന്റെ ഭരണം പിടിക്കാൻ പോരാട്ടം ശക്തമാക്കി മുന്നണികൾ. 1968ൽ പ്രവർത്തനം തുടങ്ങിയ സംഘത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണം പിടിക്കാനായി മുന്നണികളുടെ ചേരിതിരിഞ്ഞുള്ള പോരാട്ടം. പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ നിയന്ത്രണത്തിലാണ് സംഘത്തിന്റെ ഭരണം. കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ് വിട്ടതോടെയാണ് ഇത്തവണ രാഷ്ട്രീയപോരാട്ടത്തിന് കളമൊരുങ്ങിയത്. കേരള കോൺഗ്രസ് എമ്മും കോൺഗ്രസും വഴി പിരിഞ്ഞശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. നിലവിലെ ഭരണസമിതിയിൽ കോൺഗ്രസിനും കേരള കോൺഗ്രസ് എമ്മിനും തുല്യ അംഗങ്ങളാണുള്ളത്. ഇടതുപക്ഷത്തിന് പ്രതിനിധികളെ ഉണ്ടായിരുന്നില്ല.
ഇത്തവണ കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണയിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി. എഫ്. സഹകരണ ജനാധിപത്യമുന്നണിയെന്ന ബാനറിലാണ് എൽ.ഡി.എഫ് മത്സരരംഗത്തുള്ളത്. 30ന് രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെ ചെത്തിമറ്റത്തെ സംഘം കേന്ദ്ര ഓഫിസിൽ വോട്ടെടുപ്പ് നടക്കും. ജില്ലയിലെമ്പാടും പ്രവർത്തന പരിധിയുള്ള സംഘത്തിന് 3267 അംഗങ്ങളാണുള്ളത്.
സുലഭ സൂപ്പർ മാർക്കറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമുള്ള കമ്പനിയുടെ നിയന്ത്രണവും മുത്തോലിയിലെ ഇൻഡ്യാർ റബർ ഫാക്ടറി പ്രവൃത്തിപ്പിക്കുന്നതും പാലാ മാർക്കറ്റിംഗ് സഹകരണ സംഘമാണ്. കേരള കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ടെങ്കിലും സംഘത്തിന്റെ ഭരണസമിതിയിൽ ഇതുവരെ ചേരിതിരിവില്ലായിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥികളായി അഡ്വ. അനിൽ. ജി. മാധവപ്പള്ളി, ഇമ്മാനുവൽ കോലടി, കെ.എസ്. ജയ ചന്ദ്രൻ കീപ്പാറമലയിൽ, അഡ്വ. ജോബി തോമസ് കുറ്റിക്കാട്ട്, ബിജോയി എബ്രാഹം ഇടേട്ട്, ബിനോ. ജെ. ചൂരനോലി, ബെന്നി ജോർജ് കച്ചിറമറ്റം, സിബി ജോസ് പാറക്കുളങ്ങര, പി.കെ. മോഹനചന്ദ്രൻ പുളിക്കക്കു ന്നേൽ, എൽസ സന്തോഷ് മണർകാട്ട്, മെൽഷാ. എം. സെബാസ്റ്റ്യൻ നെല്ലിക്കുന്നേൽ, ലാലി മൈക്കിൾ കി ഴക്കേക്കര എന്നിവരാണ് മത്സരരംഗത്തുള്ളത്.
കുഞ്ഞുമോൻ മാടപ്പാട്ട്, ജാന്റീഷ് മുളയന്താനത്ത്, അഡ്വ. ജോസഫ് മണ്ഡപം, ഡി. പ്രസാദ് ഭക്തിവിലാസ്, ബെന്നി ജോസഫ് ഈഴൂരിക്കൽ, രാജേഷ് വാളിപ്ലാക്കൽ, സണ്ണി പൊരുന്നക്കോട്ട്, സണ്ണി ജെയിംസ് മാന്തറ, എം.ജെ. ഹെസാക്കിയേൻ മച്ചിയാനിക്കൽ, അന്നക്കുട്ടി ജെയിംസ് പരിപ്പീറ്റത്തോട്ട്, മിനി സാവിയോ തെങ്ങുംമൂട്ടിൽ, സിസി ജെയിംസ് ഐപ്പൻപറമ്പിൽ കുന്നേൽ എന്നിവരാണ് സഹകരണ ജനാധിപത്യ മുന്നണിയുടെ ബാനറിൽ മത്സരിക്കുന്നത്.
Be the first to comment